തിരുവനന്തപുരം: ഇന്ധന സെസ് പിൻവലിക്കും വരെ യു.ഡി.എഫ് സമരം ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിന്റെ തെറ്റായ നടപടി സംസ്ഥാന സർക്കാർ ആവർത്തിക്കുകയാണ്. നാളെ മുതൽ നിയമ സഭയിൽ ശക്തമായ പ്രതിക്ഷേധമുയർത്താൻ തന്നെയാണ് തീരുമാനമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാനത്ത് പെട്രോൾ, ഡിസൽ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കിലാണ് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയത്. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്.
ഇതിന് പുറമെ സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസും ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും. പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വർധിപ്പിച്ചുവെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ സഭയിൽ പറഞ്ഞു.
500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതൽ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലുമാണ് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയത്.