ചെന്നൈ: പിന്നണി ഗായിക വാണി ജയറാമിന്റെ മരണകാരണം തലയിലുണ്ടായ മുറിവെന്ന് നിഗമനം. ടീപ്പോയിൽ തലയിടിച്ചു വീണ് അബോധാവസ്ഥയിലായ നിലയിലാണ് ഗായികയെ വീടിനുള്ളിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാണി ജയറാമിനെ ചെന്നൈ നുങ്കംപാക്കത്തിലെ വസതിയിലാണ് ശനിയാഴ്ച രാവിലെ നിലത്തുവീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം മൂന്നു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു വാണിയുടെ താമസം. രാവിലെ 11 മണിയോടെ വീട്ടുജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ അയൽവാസികളെയും ബന്ധുക്കളെയും വിവരം അറിയിച്ചു വരുത്തുകയായിരുന്നു.
ബന്ധുക്കള്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്നപ്പോള്‍ വാണി ജയറാമിനെ നിലത്തുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. നെറ്റിയിൽ മുറിവുണ്ടായിരുന്നു. കട്ടിലിനു സമീപത്തു കിടന്ന ടീപ്പോയയില്‍ തലയിടിച്ചു വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാണി ജയറാമിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്ത് നഗറിൽ നടക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം രാത്രി നുകമ്പാക്കത്തെ വീട്ടിലെത്തിക്കും.
എട്ടാം വയസ്സിൽ ആകാശവാണിയിൽ ആദ്യ ഗാനം ആലപിച്ചാണ് വാണി ജയറാം സംഗീതലോകത്ത് ചുവടു വയ്ക്കുന്നത്. തുടർന്ന് മലയാളം, കന്നഡ, തെലുഗു, മറാത്തി, ഹിന്ദി ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ പാടി. ഏഴുസ്വരങ്ങൾ(1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നീ ചിത്രങ്ങളിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ വാണി ജയറാമിനെ തേടിയെത്തി.