ന്യൂഡല്‍ഹി: ശബരി പാതയ്ക്ക് നൂറു കോടിയുൾപ്പടെ ഈ വർഷത്തെ ബജറ്റിൽ കേരളത്തിന് 2033 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും, കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സില്‍വര്‍ലൈന്‍ പദ്ധതിക്കു വേണ്ടി കേരളം നല്കിയ പദ്ധതിയില്‍ കാണിച്ചിരിക്കുന്ന തുക വളരെ കുറവാണെന്നും റെയില്‍വേ മന്ത്രി പറഞ്ഞു. ഇത് യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകത്തിനും തമിഴ്നാടിനും നൽകിയ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ കേരളത്തിലുമെത്തുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് ഡൽഹിയിൽ വ്യക്തമാക്കിയത്.
അതേസമയം സംസ്ഥാന സർക്കാർ ഏറെക്കാലമായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുന്ന പദ്ധതിയാണ് അങ്കമാലി ശബരി റെയിൽപാത. 116 കിമീ വരുന്ന പാതയ്ക്കായി ഇത്തവണ 100 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം കന്യാകുമാരി പാതയിരട്ടിപ്പിക്കലിന് 808 കോടിയും, എറണാകുളം – കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
1997-98 -ല്‍ അനുമതിയായ ശബരി പദ്ധതിക്കായി 550 കോടിയായിരുന്നു അന്നത്തെ എസ്റ്റിമേറ്റ്. 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ഏഴു കിലോമീറ്റര്‍ ട്രാക്കും കാലടിയിലെ റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ പാലവും മാത്രമാണ് പണി പൂര്‍ത്തിയായത്. അങ്കമാലി മുതല്‍ എരുമേലി വരെ 14 സ്റ്റേഷനുകളാണുള്ളത്.