തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ബഡ്ജറ്റില്‍ ഒരു നിയന്ത്രണവുമില്ലാത്ത അശാസ്ത്രീയമായ നികുതി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ധനപ്രതിസന്ധി മറച്ചുവയ്ക്കുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ജനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി പെട്രോളിനും ഡീസലിനും സെസ് പിരിക്കുന്നു. മദ്യത്തിന് സെസ് കൂട്ടുന്നത് ഗുരുതരമാണ്. നികുതി വര്‍ധനക്കെതിരെ യുഡിഎഫ് പ്രത്യക്ഷസമരത്തിന് ഇറങ്ങുമെന്നും സതീശന് വ്യക്തമാക്കി.
അതേസമയം, ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും പല പ്രഖ്യാപനങ്ങളും ഈ ബജറ്റിലും ആവര്‍ത്തിക്കപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ബജറ്റ് അവതരണമാണ് ഉണ്ടായത്. നികുതി പിരിവില്‍ ദയനീയമായി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഭരണ വകുപ്പിന്റെ പുനഃസംഘടന ശരിയായ രീതിയിലല്ല നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് വിശ്വാസ്യത ഇല്ലെന്നും കിഫ്ബിയുടെ പ്രസക്തി പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷനേതാവ് ആഞ്ഞടിച്ചു. റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു സഹായവും ലഭിച്ചില്ല. കേരളത്തില്‍ കടം ഭീകരമായി വര്‍ദ്ധിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തവയാണെന്നും വെറും വായ്ത്താരികള്‍ മാത്രമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.