പാരീസ്: ഫ്രാന്‍സ് പ്രതിരോധതാരം റാഫേല്‍ വരാന്‍ രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചു. ലോകകപ്പിലെ നിലവിലെ റണ്ണറപ്പുകളായ ഫ്രാന്‍സ് ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന വരാന്‍ അപ്രതീക്ഷിതമായാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ്.
ഒരു ദശാബ്ദക്കാലം രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് എന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് താരം സാമൂഹിക മാധ്യങ്ങളിലൂടെ അറിയിച്ചത്. ഫ്രാൻസിന്റെ നീല ജേഴ്സി ധരിക്കുമ്പോഴെല്ലാം അഭിമാനം തോന്നുന്നവെന്നും വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്നും താരം വ്യക്തമാക്കി. കുറിപ്പിൽ ഫ്രാൻസിന്റെ പരിശീലകൻ ദിദിയർ ദെഷാംസിനോടും സഹതാരങ്ങളോടും ആരധകരോടും താരം നന്ദി പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടെങ്കിലും ടീമിനെ പിന്തുണച്ച എല്ലാവരോടും താരം സ്നേഹം പ്രകടിപ്പിച്ചു.
2018-ല്‍ ലോകകപ്പ് ഫുട്ബോള്‍ ജേതാക്കളായ ഫ്രാന്‍സ് ടീമിലെ അംഗമായിരുന്നു വരാന്‍. ലോകകപ്പില്‍ ഫ്രാന്‍സിനായി എല്ലാ മത്സരങ്ങളിലും വരാനെ കളിച്ചു. 2022-ഖത്തര്‍ ലോകകപ്പിലും താരം ബൂട്ടുകെട്ടി. ലോകകപ്പില്‍ ഫൈനല്‍ വരെയെത്തിയെങ്കിലും കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സിനായില്ല.
ഫ്രാന്‍സിനായി അണ്ടര്‍ 18, അണ്ടര്‍ 20, അണ്ടര്‍ 21 തലത്തില്‍ കളിച്ചാണ് വരാനെ ഫ്രാന്‍സ് സീനിയര്‍ ടീമിലേക്ക് കടന്നുവരുന്നത്. 2013-ല്‍ ജോര്‍ജിയക്കെതിരേ ലോകകപ്പ് യോഗ്യതമത്സരത്തിലാണ് രാജ്യത്തിനായുള്ള അരങ്ങേറ്റം. പിന്നീടങ്ങോട്ട് ഫ്രഞ്ച് പടയുടെ പ്രതിരോധക്കോട്ടയില്‍ വരാനെ ഉറച്ചുനിന്നു. 2016-ലെ യൂറോ കപ്പില്‍ പരിക്ക് മൂലം താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2018-ലെ ലോകകപ്പ് ടീമില്‍ താരം ഇടംപിടിച്ചു. ആ വര്‍ഷം ലോകകപ്പിനുപുറമേ ചാമ്പ്യന്‍സ് ലീഗ് നേടിയ റയല്‍ മഡ്രിഡ് ടീമിലും വരാനെ അംഗമായിരുന്നു. ഒരേ വര്‍ഷം തന്നെ ലോകകപ്പ് ജേതാവും ചാമ്പ്യന്‍സ് ലീഗ് ജേതാവുമാകുന്ന നാലാമത്തെ മാത്രം താരമായിരുന്നു വരാന്‍. 2020-21 യുവേഫ നാഷന്‍സ് ലീഗും നേടിയിട്ടുണ്ട്.
രാജ്യത്തിനായി 93-മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം അഞ്ച് ഗോളുകളും നേടി.