ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ജയിലിലായിരുന്ന മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ജയില്‍ മോചിതനായി. 27 മാസം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് സിദ്ധിഖ് കാപ്പന് ലക്നൗ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് കാപ്പന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. ജയില്‍ നിന്നും പുറത്തിറങ്ങിയ കാപ്പന് തന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവര്‍ത്തകരോടും നന്ദിയറിയിച്ചു.
അതേസമയം, തന്റെ കൂടെ ഉണ്ടായിരുന്ന പല സഹോദരന്മാരും ഇപ്പോഴും ജയിലിലാണ്. അതുകൊണ്ട് നീതി പൂര്‍ണമായും നടപ്പായെന്ന് പറയാന്‍ കഴിയില്ലെന്നും കാപ്പന് പറഞ്ഞു. ഹാഥ്രസിലേക്ക് പോയ തന്നെ ചോദ്യം ചെയ്യാനായിട്ടാണ് വിളിപ്പിച്ചത്. തുടര്‍ന്ന് ഒരു ദിവസം നിയമവിരുദ്ധ തടങ്കലിലാക്കി. പിന്നീട് യുഎപിഎ അടക്കമുള്ള ഭീകരകുറ്റങ്ങള്‍ ചുമത്തുകയായിരുന്നു. ചാപ്പ കുത്തി 27 മാസമാണ് തന്നെ ജയിലില്‍ അടച്ചതെന്നും സിദ്ധിഖ് കാപ്പന് പറഞ്ഞു.
2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പന് അറസ്റ്റിലായത്. ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോയപ്പോഴായിരുന്നു അറസ്റ്റ്. കാപ്പനൊപ്പം മസൂദ് അഹമ്മദ്, ആതികൂര്‍ റഹ്മാന്, മൊഹമ്മദ് എന്നിവരും അറസ്റ്റിലായി. കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. പിന്നീട് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു.