ഡൽഹി: ഉത്തർപ്രദേശിൽ ജയിലിൽ കഴിഞ്ഞിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് മോചിതനാകും. എല്ലാ ജാമ്യനടപടികളും പൂർത്തിയാക്കി വിചാരണക്കോടതി ബുധനാഴ്ച റിലീസിംഗ് ഓർഡർ പുറത്തിറക്കിയിരുന്നു.
മാധ്യമ പ്രവർത്തകനടക്കം രണ്ടുപേരാണ് ഇഡി കേസിൽ സിദ്ദിഖിന് ആൾജാമ്യം നിൽക്കുന്നത്. ഇവരുടെ രേഖകളുടെ പോലീസ് പരിശോധന നടപടി തിങ്കളാഴ്ച പൂർത്തിയായിരുന്നു. ജഡ്ജി അവധി ആയതിനെത്തുടർന്ന് തുടർനടപടികൾ ചൊവ്വാഴ്ച നടന്നില്ല. റിലീസിംഗ് ഓർഡർ ഇറങ്ങിയതോടെ സിദ്ദിഖിന് ഇന്നു പുറത്തിറങ്ങാൻ കഴിയും.
2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. ഉത്തർ പ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴായിരുന്നു അറസ്റ്റ്. കാപ്പനൊപ്പം മസൂദ് അഹമ്മദ്, ആതികൂർ റഹ്മാൻ, മൊഹമ്മദ് എന്നിവരും അറസ്റ്റിലായി. കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. പിന്നീട് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു.