അഹമ്മദാബാദ്: ന്യൂസീലൻഡിനെതിരായ അവസാന ടി-20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ഇന്ത്യ മുന്നോട്ടുവച്ച 235 റൺ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് 12.1 ഓവറിൽ 66 റൺസിന് ഓളൗട്ടായി. 168 റൺസിനു മത്സരം വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന സ്കോറിനു സ്വന്തമാക്കി.
25 പന്തിൽ 35 റൺസ് നേടിയ ഡാരിൽ മിച്ചൽ മാത്രമാണ് ന്യൂസീലൻഡ് നിരയിൽ തിളങ്ങിയത്. കുൽദീപ് യാദവ് ഒഴികെ ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് നേടി. ഹാർദിക് പാണ്ഡ്യ 4 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ടീം സ്കോർ നാലിൽ നിൽക്കെ തന്നെ രണ്ട് വിക്കറ്റുകൾ വീണു. ഹാര്‍ദിക്കിന്റെ പന്തില്‍ ഫിന് അലനെ (3) സ്ലിപ്പില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ സൂര്യകുമാര്‍ യാദവ് പുറത്താക്കി. പിന്നാലെ തന്റെ ആദ്യ പന്തില്‍ ഡെവോണ്‍ കോണ്‍വെയെ (1) അര്‍ഷ്ദീപ് സിങ്, ക്യാപ്റ്റന്‍ ഹാര്‍ദിക്കിന്റെ കൈയിലെത്തിച്ചു. അതേ ഓവറില്‍ മാര്‍ക്ക് ചാപ്മാന് (0) കീപ്പര്‍ ഇഷാന് കിഷന്റെ കൈകളിലൊതുങ്ങി. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദിക്കിന്റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സിനെ (2) ആദ്യ ക്യാച്ചിനു സമാനമായ രീതിയില്‍ തന്നെ സ്ലിപ്പില്‍ സൂര്യ പറന്നുപിടിച്ചതോടെ 2.4 ഓവറില്‍ വെറും ഏഴ് റണ്‍സിന് നാലു വിക്കറ്റെന്ന ദയനീയ സ്ഥിതിയിലായി കിവീസ്.
മൈക്കല്‍ ബ്രെയ്സ്വെല്ലിന്റെ (8) കുറ്റിതെറിപ്പിച്ച് ഉമ്രാന് മാലിക്കും വരവ് ഗംഭീരമാക്കി. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറെ (13) മടക്കി ശിവം മാവിയും വേട്ടയില്‍ പങ്കാളിയായി. ഇഷ് സോധി (0), ലോക്കി ഫെര്ഗൂസന് (0), ബ്ലെയര്‍ ടിക്നര്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ബൗളിങിൽ നാല് വിക്കറ്റുമായി ഹാർദിക് പാണ്ഡ്യ തിളങ്ങിയപ്പോൾ ഉംറാൻ മാലിക്, അർഷദീപ് സിങ്, ശിവം മാവി എന്നവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി കട്ടക്ക് നിന്നു. ന്യൂസിലാന്‍ഡിന്റെ എട്ട് ബാറ്റർമാർക്ക് രണ്ടക്കം പോലും കടക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 234 റൺസ് നേടി. ടി-20 കരിയറിലെ ആദ്യ സെഞ്ചുറി കുറിച്ച ശുഭ്മൻ ഗില്ലാണ് (126 നോട്ടൗട്ട്) ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. രാഹുൽ ത്രിപാഠി (22 പന്തിൽ 44), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 30) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ടി-20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടോട്ടലാണിത്.
ന്യൂസിലാൻഡിന് വേണ്ടി ഡാരിൽ മിച്ചൽ, ഇഷ് സോദി, ബ്ലയർ ടിക്നർ, ബ്രേസ് വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.