കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകൻ സൈബി ജോസിനെതിരെ കേസെടുത്തു. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്.
സൈബിക്കെതിരെ അഴിമതി നിരോധന നിയമവും വഞ്ചനാക്കുറ്റവും ചുമത്തി. കേസിൽ പരാതിക്കാരനായി രേഖപ്പെടുത്തിയിരിക്കുന്നത് കൊച്ചി കമ്മിഷണറെയാണ്. ഡിജിപിയുടെ നിർദേശിക്കുന്നത് അനുസരിച്ച് കേസന്വേഷണത്തിനു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും.
മൂന്നു ജഡ്ജിമാരുടെ പേരില്‍ 72 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയതായാണ് ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ട്.
സൈബിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതില്‍ അപാകതയില്ലെന്ന നിയമോപദേശം കഴിഞ്ഞ ദിവസം പൊലീസിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ നിർദേശപ്രകാരമായിരുന്നു നിയമോപദേശം നൽകിയത്.
അതേസമയം, ചില വ്യക്തികളാണ് ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സൈബി ജോസ് കിടങ്ങൂര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചു. അഭിഭാഷക അസോസിയേഷന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതു മുതലാണ് ഇത് തുടങ്ങിയത്. പരാതിക്കാരോ എതിര്‍കക്ഷിയോ ഇല്ല. ഗൂഢാലോചനക്കാരുടെ മൊഴി മാത്രമാണ് ഉള്ളതെന്നും സത്യം ജയിക്കുമെന്നും സൈബി ജോസ് കിടങ്ങൂര്‍ പറഞ്ഞു.