കോഴിക്കോട്: പെട്രോൾ പമ്പ് ഉടമയിൽ നിന്നും കോഴ വാങ്ങിയെന്ന പരാതിയിൽ ആരോപണ വിധേയനായ ബിജെപി മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ രജീഷ് ആണ് രാജിവെച്ചത്. തന്റെ വിശദീകരണം പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടും തന്നെ പൊതുജനമധ്യത്തിൽ അപമാനിക്കാൻ സമൂഹമാധ്യങ്ങളിലൂടെ ശ്രമം നടക്കുന്നതിലാണ് രാജിയെന്ന് രജീഷ് പറഞ്ഞു.
പേരാമ്പ്ര കല്ലോടിനടുത്ത് നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പമ്പിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ബിജെപി മുൻ നേതാവും പെട്രോൾ പമ്പുടമയുമായ പ്രജീഷ് പാലേരിയിൽ നിന്നും പ്രാദേശിക ബിജെപി നേതാക്കൾ 1.10 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. പ്രജീഷ് പാലേരി തന്നെയാണ് പ്രാദേശിക നേതാക്കൾക്കെതിരെ ബിജെപി നേതൃത്വത്തിന് പരാതി നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് മണ്ഡലം ജനറൽ സെക്രട്ടറിയെയും മണ്ഡലം വൈസ് പ്രസിഡന്റിനെയും ബി ജെ പി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
മണ്ഡലം പ്രസിഡൻറ് കെ.കെ രജീഷ്, ജനറൽ സെക്രട്ടറി രാഘവൻ, വൈസ് പ്രസിഡൻ്റ് ശ്രീജിത് എന്നിവർക്കെതിരെയായിരുന്നു പരാതി. നേതാക്കൾ പണം വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പ്രജീഷ് പുറത്തു വിട്ടിരുന്നു. ഇതിനെ ചൊല്ലി പേരാമ്പ്രയിൽ ചേർന്ന ബിജെപി ബൂത്ത് ഭാരവാഹികളുടെ യോഗത്തിൽ കയ്യാങ്കളിയുമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രാദേശിക നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കോർ കമ്മിറ്റി യോഗം തീരുമാനിച്ചത്. പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി രാഘവൻ, വൈസ് പ്രസിഡൻറ് ശ്രീജിത് എന്നിവരെ അന്വേഷണ വിധേയമായാണ് സസ്പെൻറ് ചെയ്തത്. യോഗത്തിനിടെ ഉണ്ടായ കയ്യാങ്കളിയിൽ അഞ്ച് പ്രവർത്തകരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു.