തൃശൂര്‍: ഷോളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. ശെല്‍വി (39) മകന് സതീഷ് കുമാര്‍ (6) എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങിയ സതീഷ് ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശെല്‍വിയും ഒഴുക്കില്‍പ്പെട്ടത്.
അതേസമയം, ഇവര്‍ മടങ്ങി എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഒഴുക്കില്‍ പെട്ട വിവരം അറിയുന്നത്. നാട്ടുകാര്‍ തിരച്ചില്‍ നടത്തി വെള്ളത്തില്‍ മുങ്ങിയ രണ്ട് പേരെയും പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഷോളയാര്‍ ഡാം പൊലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി തമിഴ്നാട് വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.