മുംബൈ: അണ്ടർ 19 വനിതാ ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. പാരിതോഷികമായി 5 കോടി രൂപ ടീമിന് നല്കുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു.
ഫൈനലിൽ ഇഗ്ലണ്ടിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ കിരീടം ചൂടിയത്. ഇംഗ്ലണ്ടിനെ 68 റൺസിനു പുറത്താക്കിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കുറിച്ചു.
24 റൺസ് വീതം നേടിയ ഗൊങ്കാദി ട്രിഷയും സൗമ്യ തിവാരിയുമാണ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. തിവാരി നോട്ടൗട്ടാണ്.
ഷഫാലി വർമയെയും (15) ശ്വേത സെഹ്രാവത്തിനെയും (5) വേഗം നഷ്ടമായെങ്കിലും സൗമ്യ തിവാരിയും ഗൊങ്കാദി ട്രിഷയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ അനായാസ വിജയത്തിലെത്തിക്കുകയായിരുന്നു.