ലഖ്നൗ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമായി. അടുത്ത മത്സരത്തിൽ വിജയിക്കുന്നവർ പരമ്പരയിലെ ചാമ്പ്യന്മാരാകും. ഫെബ്രുവരി ഒന്നിനാണ് അടുത്ത മത്സരം.
ആദ്യ ടി20യിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തോടെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവിപ്പട 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 99 റൺസാണ് നേടിയത്. ഈ ലക്ഷ്യം ഇന്ത്യ എളുപ്പത്തിൽ മറികടക്കുമെന്നായിരുന്നു പലരുടെയും പ്രതീക്ഷയെങ്കിലും വിജയിക്കാൻ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തേണ്ടിവന്നു. വിയർത്തുകളിച്ച മത്സരത്തിൽ അവസാന ഓവറിൽ അഞ്ചാം പന്തിലാണ് ഇന്ത്യ വിജയറൺ നേടിയത്.
കളിയിൽ നിലയുറപ്പിക്കും മുമ്ബ് ഓപ്പണർ ശുഭ്മൻ ഗില്ലിനെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. തുടർന്ന് ടീം സ്കോർ അൻപത് റണ്ണിലേക്ക് കയറുന്നതിന് മുൻപ് ഇഷാൻ കിഷനും രാഹുൽ തൃപ്തിയും കളം വിട്ടു.
സൂര്യകുമാർ യാദവ് നടത്തിയ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മത്സരം അവസാനിക്കാൻ ഒരു പന്ത് മാത്രം ശേഷിക്കെ മൂന്ന് റണ്ണുകൾ ആവശ്യമായിരുന്ന ഇന്ത്യക്ക് ബൗണ്ടറിയിലൂടെ സൂര്യകുമാർ വിജയം നേടിക്കൊടുത്തു. അഞ്ച് സ്പിന്നർമാരെ കളത്തിലിറക്കി കളി പിടിക്കാനുള്ള ന്യൂസിലൻഡിന്റെ ശ്രമങ്ങൾ തകർന്നത് സൂര്യകുമാറിനെ ബാറ്റിങ്ങിന് മുന്നിലായിരുന്നു. മിഷേൽ ബ്രേസ്വെല്ലും ഗ്ലെൻ ഫിലിപ്സുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ വരിഞ്ഞു മുറുക്കിയത്.
ഇന്ത്യയെ ബോളിങ്ങിന് അയച്ച ന്യൂസിലന്റിന്റെ പ്രതീക്ഷകളെ പവർപ്ലേയിൽ തന്നെ തകർത്താണ് നീലപ്പട തുടങ്ങിയത്. 19 റൺസ് നേടിയ നായകൻ സാൻറനറാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോററർ. 17ാം ഓവറിൽ മാത്രം ബൗൾ ചെയ്യാനെത്തിയ അർഷദീപ് സിംഗിന് രണ്ടും ബാക്കിയുള്ളവർ ഓരോന്നും വിക്കറ്റുകൾ വീഴ്ത്തി. ഹർദിക്, വാഷിംഗ്ഡൺ സുന്ദർ, യുസ്വേന്ദ്രചഹൽ, ദീപക് ഹൂഡ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഒരു ഓവർ മാത്രം ചെയ്ത ശിവം മാവിക്ക് ഒറ്റ വിക്കറ്റും ലഭിച്ചില്ല.