പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ 7 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ടിനെ 68 റൺസിനു പുറത്താക്കിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കുറിച്ചു. 24 റൺസ് വീതം നേടിയ ഗൊങ്കാദി ട്രിഷയും സൗമ്യ തിവാരിയുമാണ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. തിവാരി നോട്ടൗട്ടാണ്.
ക്യാപ്റ്റൻ ഷഫാലി വർമ (15), ശ്വേത സെഹ്രാവത് (5) എന്നിവരുടെ തുടക്കത്തിൽ നഷ്ടമായെങ്കിലും സൗമ്യ തിവാരി – ഗോംഗഡി ത്രിഷ സഖ്യം ഇന്ത്യയെ അനായാസമായി വിജയത്തിലെത്തിക്കുകയായിരുന്നു. സൗമ്യ 37 പന്തിൽ നിന്ന് 24 റൺസോടെ പുറത്താകാതെ നിന്നു. ത്രിഷ 29 പന്തിൽ നിന്ന് 24 റൺസെടുത്ത് പുറത്തായി.
നേരത്തെ ഇംഗ്ലണ്ടിനെ വെറും 68 റൺസിന് ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടിരുന്നു. നാല് ഓവറിൽ വെറും ആറ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ടൈറ്റാസ് സധുവാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. അർച്ചന ദേവി, പാർഷവി ചോപ്ര എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പത്താം ഓവറിൽ 39/5 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനായി നാല് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. 19 റൺസ് നേടിയ റയാന മക്ഡോണാൾഡ് -ഗെ ആണ് ഇംഗ്ലിഷ് നിരയിലെ ടോപ് സ്കോറർ.