ഭുവനേശ്വർ: വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഝാർസുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം പൊതുപരിപാടിക്കിടെയാണ് മന്ത്രിക്കു നെഞ്ചിൽ വെടിയേറ്റത്. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഗാന്ധി ചൗക്ക് പൊലീസ് ഔട്ട്പോസ്റ്റിലെ എഎസ്ഐ ഗോപാല്‍ ദാസാണ് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചതെന്ന് ബ്രജ്രാജ് നഗർ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ ഗുപ്തേശ്വർ ഭോയ് പറഞ്ഞു. രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചിൽ തറച്ചത്. മന്ത്രിയുടെ തൊട്ടടുത്ത് നിന്നാണ് വെടിയുതിർത്തത്. മന്ത്രിക്ക് ക്ലോസ് റേഞ്ചിൽനിന്ന് വെടിയേൽക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. നെഞ്ചിൽ കൈ അമർത്തിപ്പിടിച്ചു മന്ത്രി എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വെടിവയ്പിന് പിന്നിലെ കാരണം വ്യക്തമല്ല.
അതേസമയം, ഒഡീഷ ആരോഗ്യമന്ത്രിയെ വെടിവച്ച എഎസ്ഐ ഗോപാൽ ദാസിനു മാനസിക അസ്വസ്ഥത ഉണ്ടെന്ന് ഭാര്യ ജയന്തിദാസ് പറഞ്ഞു. ആറു മാസമായി മാനസിക പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുകയായെന്ന് ഗോപാൽ ദാസിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
നബ ദാസിന്റെ മരണം ഒഡീഷയ്ക്ക് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. പാർട്ടിക്ക് അതീതമായി താഴെ തട്ടിൽ ജനബന്ധമുള്ള നേതാവിനെ നഷ്ടമായി. ആരോഗ്യമേഖലയ്ക്ക് നിരവധി പദ്ധതികൾ ആവിഷ്കരിച്ച മന്ത്രിയായിരുന്നു നബ ദാസെന്നും നവീൻ പട്നായ്ക് പറഞ്ഞു.