ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രിയെ വെടിവച്ച എഎസ്ഐ ഗോപാൽ ദാസിനു മാനസിക അസ്വസ്ഥത ഉണ്ടെന്ന് ഭാര്യ ജയന്തിദാസ്. ആറു മാസമായി മാനസിക പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുകയായെന്ന് ഗോപാൽ ദാസിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ത്സാർസുഗുഡിയിലെ ഗാന്ധി ചൌക്കില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രിക്ക് വെടിയേറ്റത്. കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തൊട്ടടുത്ത് നിന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ദാസ് വെടിവെക്കുകയായിരുന്നു.
വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ ദാസിനെ ഭുവനേശ്വറിലെത്തിച്ചു. മന്ത്രിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിരിക്കുകയാണ്. ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ സ്ഥലത്ത് നിന്ന് തന്നെ പിടികൂടിയ പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആക്രമണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ആക്രമിക്കാനുള്ള കാരണമെന്താണെന്ന് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
മുഖ്യമന്ത്രി നവീൻ പട്നായിക്ക് മന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു.