മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ കിരീടനേട്ടം. ജയത്തോടെ താരം ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടം നേടിയ സ്പാനിഷ് ടെന്നീസ് താരമായ റാഫേൽ നദാലിനൊപ്പമെത്തി. രണ്ട് പേർക്കും 22 ഗ്രാൻഡ് സ്ലാം കിരീടങ്ങളാണുള്ളത്.
2022 ഫ്രഞ്ച് ഓപ്പണിലെ പരാജയത്തിന് പ്രതികാരം ചെയ്യാനെത്തിയ ഗ്രീക്ക് താരം സിസിപാസിന് മേൽ ആദ്യ സെറ്റിൽ ജോക്കോ സമ്പൂർണ ആധിപത്യം പുലർത്തി. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് 35 കാരനായ ജോക്കോവിച്ച് 24 കാരനായ സിറ്റ്സിറ്റ്പാസിനെ തോൽപ്പിച്ചത്. 6-3, 7-6, 7-6 എന്നിങ്ങനെയായിരുന്നു സെറ്റുകളിലെ ഫലം. സിറ്റ്സിറ്റ്പാസിന് ഇതുവരെ ഗ്രാൻഡ്സ്ലാം കിരീടം നേടാനായിട്ടില്ല.
ഓസ്ട്രേലിയൻ ഓപ്പണിൽ പത്തുവട്ടമാണ് ജോക്കോവിച്ച് കിരീടം നേടിയത്.ഈ നേട്ടത്തോടെ ടെന്നീസിൽ ഒന്നാം സീഡിലേക്ക് തിരിച്ചെത്താനും താരത്തിന് കഴിഞ്ഞു.
കോവിഡ് വാക്സീൻ സ്വീകരിക്കാത്തതിനാൽ കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന് മത്സരിക്കാനായിരുന്നില്ല. മെൽബണിലെത്തിയ ജോക്കോയുടെ വീസ റദ്ദാക്കി ഓസ്ട്രേലിയൻ സർക്കാർ തിരിച്ചയയ്ക്കുകയായിരുന്നു. ഇത്തവണ അനുമതി നേടിയ ശേഷമാണ് ജോക്കോ ഓസ്ട്രേലിയയിലെത്തിയത്. കഴിഞ്ഞ വർഷത്തെ വിവാദങ്ങൾക്കുള്ള മറുപടി കൂടിയായി 35 വയസ്സുകാരൻ ജോക്കോവിച്ചിന്റെ കിരീടനേട്ടം.