കണ്ണൂർ: ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ മോചനം കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ വൈകിപ്പിച്ചെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കോടതി ഉത്തരവ് ലഭിച്ചിട്ടും ഫൈസലിന്റെ മോചനം ഉദ്യോഗസ്ഥർ മനഃപൂർവം വൈകിപ്പിക്കുകയായിരുന്നു. ഇതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ട്. ആരെയോ പ്രീതിപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. കോടതി ഉത്തരവ് വൈകീട്ട് ലഭിച്ചിട്ടും രാത്രി ഒൻപതിനാണ് മുൻ എംപി മുഹമ്മദ് ഫൈസലിന് ജയിലിൽ നിന്ന് ഇറങ്ങാൻ കഴിഞ്ഞതെന്നും വനം മന്ത്രി കുറ്റപ്പെടുത്തി.
വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്ന ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ 26നാണ് ജയിൽ മോചിതനായത്. ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്പെൻഡ് ചെയ്തതോടെയാണ് മോചനം സാധ്യമായത്. ശിക്ഷാവിധിയും കോടതി സസ്പെൻഡ് ചെയ്തിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതിവിധിയിൽ സന്തോഷമുണ്ടെന്നും തന്റെ എം.പി സ്ഥാനത്തിന് കല്പിച്ച അയോഗ്യത പുനഃസ്ഥാപിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. തനിക്കെതിരെ നടന്ന ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസ്. തനിക്ക് മത്സരിക്കാൻ സാധിക്കാത്ത രീതിയിൽ ഒരു ഉപതെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യം. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ലക്ഷദ്വീപ് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.