തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. ഇന്ധന സർചാർജായി യൂണിറ്റിന് ഒമ്പത് പൈസ വച്ച് ഈടാക്കാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. അടുത്ത മാസം ഒന്ന് മുതൽ മെയ് 31 വരെ മൂന്ന് മാസത്തേക്കാണ് വർധനവെന്ന് ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ കെഎസ്ഇബി പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതിൽ അധികമായി 87 കോടി രൂപ ചെലവായി. ഇത് സർചാർജായി യൂണിറ്റിന് 14 പൈസ വച്ച് ഈടാക്കാനുള്ള അുമതിയാണ് കെ.എസ്.ഇ.ബി തേടിയത്. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് (1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ്) വര്‍ധന ബാധകമല്ല.
സംസ്ഥാനത്ത് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്. 2022 ഏപ്രില്‍മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങാന്‍ അധികം ചെലവായ 87 കോടി രൂപ ഇത്തരത്തില്‍ ഈടാക്കാന്‍ അനുവദിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്.
കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ കമ്മിഷന് തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.
ഇതിനുമുന്പുള്ള കാലങ്ങളിലെ ഇന്ധന സര്‍ച്ചാര്‍ജ് ഈടാക്കാന്‍ ബോര്‍ഡ് നല്കിയ അപേക്ഷകള്‍ ഈ ഉത്തരവിനൊപ്പം കമ്മിഷന് തള്ളിക്കളഞ്ഞു. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 18.10 കോടിയും 2022 ജനുവരി മുതല്‍ മാര്‍ച്ചുവരെ 16.05 കോടിയുമാണ് അധികച്ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് നിലനിന്ന കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉൽപ്പാദന രംഗത്ത് ഉണ്ടായ പ്രതിസന്ധിയാണ് കേരളത്തെയും ബാധിച്ചത്. താപവൈദ്യുത നിലയങ്ങളെല്ലാം ഇപ്പോഴും ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കുന്നുണ്ട്. അതിനാൽ അടുത്ത മാസങ്ങളിലും ഇന്ധന സർചാർജ് ഈടാക്കാനിടയുണ്ട്.