ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ‘ആദിത്യ എൽ 1’ വിക്ഷേപണത്തിനൊരുങ്ങുന്നു. ഈവർഷം ജൂലായോടെ പി.എസ്.എൽ.വി. റോക്കറ്റിൽ വിക്ഷേപിക്കാനാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.). ലക്ഷ്യമിടുന്നത്. ‘ആദിത്യ എൽ 1’-ലേക്കുള്ള പ്രധാന പേലോഡ് (പര്യവേക്ഷണ പേടകം) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്സ് (ഐ.ഐ.എ.) ഐ.എസ്.ആർ.ഒ.യ്ക്ക് കൈമാറി. വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് (വി.ഇ.എൽ.സി.) എന്ന പേലോഡാണ് കൈമാറിയത്.
പേലോഡ് യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലെത്തിച്ച് ഉപഗ്രഹത്തിൽ ഘടിപ്പിക്കുമെന്നും ഈവർഷം ജൂൺ, ജൂലായ് മാസത്തോടെ പി.എസ്.എൽ.വി.യിൽ വിക്ഷേപിക്കുമെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.ഐ.ഐ.എ.യുടെ ഹൊസകോട്ടയിലെ ഫീൽഡ് സ്റ്റേഷനായ സെന്റർ ഫോർ റിസർച്ച് ആൻഡ് എജ്യുക്കേഷൻ ഇൻ സയൻസ് ആൻഡ് ടെക്‌നോളജി കാമ്പസിലാണ് വി.ഇ.എൽ.സി. പേലോഡ് നിർമിച്ചത്. ഇവിടത്തെ എം.ജി.കെ. മേനോൻ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തിയത്. 15 വർഷത്തോളംനീണ്ട ശ്രമത്തിനൊടുവിലാണ് പേലോഡ് നിർമിച്ചത്.
















