ന്യൂഡല്‍ഹി: യാത്രക്കാരെ മുഴുവൻ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍ പത്തുലക്ഷം രൂപ പിഴ ചുമത്തി. സംഭവത്തില്‍ വിവിധ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഗോ ഫസ്റ്റ് എയര്‍ലൈന്‍ ഡിജിസിഎ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നല്കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഡിജിസിഎയുടെ നടപടി.
55 യാത്രക്കാരെയാണ് ദിവസങ്ങൾക്ക് മുൻപ് വിമാനത്തിൽ കയറ്റാൻ മറന്ന് വിമാനം പുറപ്പെട്ടത്. യാത്രക്കാരെ വിമാനത്തില്‍ കയറ്റാന്‍ മറന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎ ഗോ ഫസ്റ്റ് എയര്‍ലൈന്‍ നോട്ടീസ് നല്‍കിയത്.
എയര്‍ലൈനിന്റെ ബസില്‍ കയറിയ 55 യാത്രക്കാരെയാണ് വിമാനത്തില്‍ കയറ്റാതെ വിമാനം പുറപ്പെട്ടത്. ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. പിന്നീട് 55 യാത്രക്കാരില്‍ 53 പേരെ വേറൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. രണ്ടു യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തു.
ആശയവിനിമത്തിലെ അപര്യാപ്തതയും ഏകോപനത്തിലെ പോരായ്മയുമാണ് വീഴ്ച സംഭവിക്കാന്‍ കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ വിശദീകരണം. വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തമ്മിലാണ് ഈ പോരായ്മകള്‍ സംഭവിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു.