സംസ്ഥാനത്ത് ആരോഗ്യ കേരളം കെട്ടിപ്പടുക്കുക എന്നതാണ് അടിസ്ഥാനപരമായ ആവശ്യമെന്ന്
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഏലൂർ നഗരസഭാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുമ്പോൾ അതിന്റെ ലക്ഷ്യം ഉള്ളടക്കത്തിൽ മാറ്റം വരുത്തുക എന്നതാണ്. മറ്റ് ലാബുകളിലും ദൂരെയുള്ള ആശുപത്രികളിലും നടത്തേണ്ട പരിശോധനകൾ നമ്മുടെ ആരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന സാഹചര്യം ഉണ്ടാകണം. ശ്വാസ് , ആശ്വാസ് ക്ലിനിക്ക് എന്നിവ ഉൾപ്പെടുന്ന സ്പെഷ്യാലിറ്റി ക്ലിനിക്ക് ഇവിടെ ഉണ്ടാകണം. പ്രദേശത്തുള്ളവർക്ക് രോഗമുണ്ടായാൽ ആദ്യം ആരോഗ്യ കേന്ദ്രത്തെ സമീപിക്കാനാകണം. ഇ- ഹെൽത്ത് നടപ്പിലാക്കുന്നതോടെ കേരളത്തിലെ ഏത് സർക്കാർ ആശുപത്രിയുമായും ബന്ധപ്പെടുത്താനാകും.ലാബ് റിസൾട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ രോഗിയുടെ ഐ.ഡിവഴി മനസിലാക്കാനാകും. മൂന്ന് ഡോക്ടർമാരുടെ സേവനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉണ്ടാകും. വൈകിട്ട് ആറുവരെ ഒ.പി സൗകര്യം ലഭ്യമാകും.
സംസ്ഥാന സർക്കാരിന്റെ നാലു മിഷനുകളിൽ ഒന്നായ ആർദ്രം മിഷനിലൂടെ ആരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ കോളേജുകളിലും എത്തുന്ന രോഗികൾക്ക് അവിടുത്തെ പൊതു അന്തരീക്ഷം രോഗി സൗഹൃദവും ജനസൗഹൃദവും ആക്കുക എന്നുള്ളതാണ് ലക്ഷ്യമാക്കുന്നത്. ഇരിക്കാൻ നല്ല കസേരകളും കാത്തിരിപ്പ് സ്ഥലവും സാന്ത്വനിപ്പിക്കുന്ന അന്തരീക്ഷവും ഓരോ ആശുപത്രികളിലും ഉണ്ടാകുക എന്നത് പരമ പ്രധാനമായ കാര്യമാണ്.അതോടൊപ്പം ഏറ്റവും നൂതനമായ ചികിത്സാ സൗകര്യങ്ങളും നമ്മുടെ ആശുപത്രികളിൽ കൊണ്ടു വരിക എന്നുള്ളതും. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ഒട്ടേറെ കാര്യങ്ങൾ ഇതിൽ ഉൾപ്പെടും. മെയ് മാസത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാകും. ക്രിട്ടിക്കൽ കെയർ ബ്ലോക്ക് അനുവദിച്ചിട്ടുണ്ട്. പീഡിയാട്രിക് സെൻറർ ഓഫ് എക്സലൻസിന്റെ ഭാഗമായി രണ്ടര കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ആർദ്രം മിഷന്റെ ലക്ഷ്യങ്ങളായ രോഗ നിർമ്മാർജ്ജനം, രോഗ പ്രതിരോധം, ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം, അവ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നുള്ളതാണ്. നിയോജകമണ്ഡലങ്ങളിലായി 30 വയസിന് മുകളിൽ പ്രായമുള്ള 1.69 ലക്ഷം ആളുകളാണ് ഉള്ളത്. അതിൽ 60 ലക്ഷത്തിലധികം പേരെ ആശാവർക്കർമാർ വീടുകളിൽ പോയി സ്ക്രീനിങ് നടത്തിയിട്ടുണ്ട്. 500 ൽ അധികം തദ്ദേശസ്ഥാപനങ്ങളിൽ സ്ക്രീനിങ് നടത്തി. റിസ്ക് ഫാക്ടറുകൾ കണക്കിലെടുത്ത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും എല്ലാവർക്കും ചികിത്സ ഉറപ്പുവരുത്തുന്നതിനും ആരോഗ്യ കേന്ദ്രങ്ങൾ വഴി എല്ലാവർക്കും ആരോഗ്യം ഉറപ്പു വരുത്തുക എന്നതുമാണ് ലക്ഷ്യമാക്കുന്നത്. കാൻസർ പോലുള്ളവയുടെ രോഗ ലക്ഷണങ്ങൾ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സ തേടാൻ ശ്രമിക്കണമെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിന്റേയും ക്യാൻസർ സെൻററിന്റെയും വികസനത്തിനായി അവലോകന യോഗങ്ങൾ ചേർന്നിരുന്നു. മെഡിക്കൽ കോളേജ് ആവശ്യമായ തസ്തികകൾ സൂപ്പർ സ്പെഷ്യാലിറ്റി മേഖലയിൽസൃഷ്ടിക്കുന്നതിനുള്ള നടപടികളും മുന്നോട്ടു പോകുന്നുണ്ട്. ധനകാര്യ വകുപ്പുമായി ചേർന്ന് വൈകാതെ സാക്ഷാത്കരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.