ആലപ്പുഴ: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി ചേർത്തല ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ 4500-ലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. യു.എസ്.ടി യുടെ 2023-ലെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) സംരംഭങ്ങളുടെ തുടക്കം കുറിക്കൽ കൂടിയായിരുന്നു ഈ പരിപാടി.
രാജ്യത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യു.എസ്.ടി.യിൽ നിന്നുള്ള 200-ലധികം സന്നദ്ധപ്രവർത്തകർ ചേർത്തലയിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ഒത്തുകൂടിയാണ് വൃക്ഷത്തൈകൾ നട്ടത്. ഒപ്പം കോളേജിലെ 100 വിദ്യാർത്ഥികളും ഈ സംരംഭത്തിൽ പങ്കാളികളായി. ഡെൻസ് ഫോറസ്റ്റ് പ്രക്രിയ പ്രകാരമുള്ള വനവൽക്കരണമാണ് വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്നതിനായി അവലംബിച്ചത്. ഏകദേശം 90 തരം വൃക്ഷങ്ങളുടെ തൈകളാണ് നടാൻ കഴിഞ്ഞത്.
വ്യാഴാഴ്ച രാവിലെ 8.30 ന് യു.എസ്.ടി വോളണ്ടിയർമാർ വൃക്ഷത്തൈ നടീൽ ആരംഭിച്ചു. മുഖ്യാതിഥിയായി എത്തിയ എഐഎആർഡി മെഡിക്കൽ ഡയറക്ടറും പ്രൊഫസറുമായ ഡോ. ദിലീപ് കുമാർ പി.പി പരിപാടി ഉദ്ഘാടനം ചെയ്തു. യു.എസ്.ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ, ചേർത്തല കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ജയ വി.എൽ എന്നിവർ ആശംസകൾ അർപ്പിച്ചു. കോളേജിന് മുന്നിലൂടെയുള്ള ചേർത്തല – അരൂക്കുറ്റി റോഡിനോട് ചേർന്നുള്ള ഒരേക്കർ സ്ഥലത്ത് വിശിഷ്ടാതിഥികൾ ആദ്യ തൈകൾ നട്ടുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.
യു.എസ്.ടി യിലെ സന്നദ്ധ പ്രവർത്തകർക്ക് തൈനടീൽ നിർദ്ദേശങ്ങൾ നൽകുകയും 50 ഓളം അംഗങ്ങൾ വീതമുള്ള ടീമുകളായി തിരിച്ച് നടീൽ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കുകയും ചെയ്തു. ഓരോ ടീമിനും ആവശ്യമായ നടീൽ സാമഗ്രികൾ, ഭക്ഷണം എന്നിവയ്‌ക്കൊപ്പം, ആവശ്യമായി വന്നാൽ സഹായത്തിനെത്താൻ പ്രൊഫഷണൽ മെഡിക്കൽ സംഘത്തെയും തയ്യാറാക്കിയിരുന്നു. വൈകുന്നേരത്തോടെ 4500 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും നനയ്ക്കുകയും ചെയ്തു. യു.എസ്.ടി കൊച്ചി സി എസ് ആർ ലീഡ് പ്രശാന്ത് സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് ഈ ഉദ്യമം നടപ്പിലാക്കിയത്. യു എസ് ടി കളർ ലീഡുകൾ, യു എസ് ടി അപാക് – കളർ കാറ്റലിസ്റ്റ് നിപുൺ വർമ്മ എന്നിവരുടെ സഹായത്തോടെ പരിപാടി വൻ വിജയമാക്കാൻ സാധിച്ചു.
“ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, 4500-ലധികം വൃക്ഷത്തൈകൾ നട്ടുകൊണ്ട് ഈ പുതിയ വർഷത്തേക്കുള്ള ഞങ്ങളുടെ സിഎസ്ആർ സംരംഭങ്ങൾ ഞങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഏറ്റവും ഉദാത്തമായ രീതിയിൽ നമുക്ക് ചുറ്റുമുള്ള സമൂഹങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഇതൊരു ശുഭകരമായ തുടക്കമാണ്. ഈ സംരംഭത്തിൽ യു.എസ്.ടിയിലെ വോളണ്ടിയർമാരുടെ ബഹുജന പങ്കാളിത്തം കാണുന്നതിൽ അഭിമാനമുണ്ട്. ഇത്തരം പരിപാടികൾ വലിയ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” യു.എസ്.ടിയുടെ ചീഫ് വാല്യൂസ് ഓഫീസറും സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
പരിപാടിയുടെ അവസാനഘട്ടത്തിൽ തൈകൾ നടുന്നതിൽ മികവു കാട്ടിയ ടീമുകൾക്ക് സമ്മാനങ്ങൾ പ്രഖ്യാപിച്ചു. പരിപാടിയോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ ഡിസൈൻ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചു. യു എസ് ആസ്ഥാനമായ ആഗോള ടെക്‌നോളജി കമ്പനിയായ യു.എസ്.ടിയ്ക്ക് കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും പ്രവർത്തിക്കുന്ന ഓഫീസുകളിലായി പതിനായിരത്തോളം ജീവനക്കാരുണ്ട്.