തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാവകുപ്പില്‍ നിയമവിഭാഗം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പഴകിയ ഭക്ഷണം പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കാനാണിതെന്നും മന്ത്രി പറഞ്ഞു.
ഭക്ഷണത്തില്‍ മായം കലര്‍ത്തുന്ന സംഭവങ്ങളില്‍ പരമാവധി നിയമനടപടികള്‍ സ്വീകരിക്കും. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്താല്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതിയോടെ മാത്രമേ പിന്നീട് തുറന്ന് പ്രവര്‍ത്തിക്കാനാവൂ.
ഒരിടത്ത് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത സ്ഥാപനം മറ്റൊരിടത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം നിയമം നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ഭയരഹിതമായി പരിശോധനകള്‍ നടത്താന്‍ കഴിയണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരീസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വ്യാജ ഹെല്‍ത്ത് കാര്‍ഡ് നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.