മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സിന്റെ ഫൈനലില്‍ പരാജയപ്പെട്ട് ഗ്രാന്‍ഡ്സ്ലാം യാത്രയ്ക്ക് വിരാമമിട്ട് സാനിയ മിര്‍സ. മെല്‍ബണിലെ റോഡ് ലേവര്‍ അരീനയില്‍ കാണികള്‍ക്ക് മുന്നില്‍ ഗ്രാന്‍ഡ്സ്ലാമിനോട് വികാരഭരിതമായ വിടപറച്ചിലാണ് സാനിയ നടത്തിയത്.
‘ഗ്രാൻസ്ലം ഫൈനൽ മകന്റെ മുന്നിൽ കളിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കുടുംബം ഇവിടെയുണ്ട്. 2005ൽ മെൽബണിൽ സെറീന വില്യംസിനെതിരെ ആസ്ട്രേലിയൻ ഓപ്പണിൽ കളിച്ചാണ് കരിയർ തുടങ്ങിയത്. അന്നെനിക്ക് 18 വയസായിരുന്നു പ്രായം…” ഇത്രയും പറഞ്ഞശേഷം സാനിയയുടെ വാക്കുകൾ ഇടറുകയും കരയുകയും ചെയ്തു. അൽപനേരം സംസാരം നിർത്തിയ സാനിയയെ വൻ കരഘോഷത്തോടെയാണ് കാണികൾ സ്വീകരിച്ചത്.
“റോഡ് ലേവർ അരീന ഏറെ ഇഷ്ടമുള്ള ഇടമാണ്.. എന്റെ അവസാന ഗ്രാൻസ്ലാം പൂർത്തിയാക്കാൻ ഇതിലും മികച്ച ഒരു വേദിയെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ല. ഞാൻ കരയുന്നുണ്ടെങ്കിൽ അത് സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ടാണ്. വിജയികളായ മാറ്റോസ്-സ്റ്റെഫാനിയ സഖ്യത്തിന്റെ ഈ നല്ല നിമിഷം ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”- സാനിയ പറഞ്ഞു.
“My professional career started in Melbourne… I couldn’t think of a better arena to finish my [Grand Slam] career at.”
We love you, Sania ❤️@MirzaSania • #AusOpen • #AO2023 pic.twitter.com/E0dNogh1d0
— #AusOpen (@AustralianOpen) January 27, 2023
ആസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ സാനിയ- രോഹൺ ബൊപ്പണ്ണ സംഖ്യം ബ്രസീലിയൻ സഖ്യമായ ലൂയിസ സ്റ്റെഫാനി-റാഫേൽ മാറ്റോസിനോടാണ് തോറ്റത്.
ഇതിഹാസ താരം മാർട്ടിന ഹിംഗിസിനൊപ്പം വിംബിൾഡൺ ഉൾപ്പെടെ മൂന്ന് വനിതാ ഡബിൾസ് കിരീടം, മഹേഷ് ഭൂപതിക്കൊപ്പം രണ്ട് മിക്സഡ് ഡബിള്‍സ് കിരീടങ്ങൾ… അങ്ങനെ ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ കരിയറിൽ ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് 36 കാരിയായ സാനിയ മിർസ നേടിയിട്ടുള്ളത്.
പതിനാലാം വയസ്സിൽ തന്റെ ആദ്യ മിക്സഡ് പങ്കാളിയായിരുന്ന രോഹന് ബൊപ്പണ്ണയ്ക്കൊപ്പം തന്നെയാണ് അവസാന മിക്സഡ് ഡബിള്‍സ് കളിച്ചതെന്നതും ശ്രദ്ധേയമാണ്. അടുത്ത മാസം ദുബൈ ഓപ്പണോടെ ടെന്നിസ് കോര്‍ട്ടില്‍ നിന്ന് പൂർണമായും വിടവാങ്ങുമെന്ന് നേരത്തെ സാനിയ പ്രഖ്യാപിച്ചിരുന്നു.