മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സാ – രോഹന് ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സംഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ തോറ്റത്. സ്കോർ: 6-7(2) 2-6.
സാനിയയുടെ കരിയറിലെ അവസാന ഗ്രാൻസ്ലാം മത്സരമായിരുന്നു ഇത്. ഏഴാമത്തെ ഗ്രാൻസ്ലാം കിരീടം എന്ന സ്വപ്നം ബാക്കിയാണ് സാനിയ മടങ്ങുന്നത്. മത്സരശേഷം വളരെ വികാരധീനയായാണ് സാനിയ സംസാരിച്ചത്.
“മെൽബണിലാണ് എൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. ഗ്രാൻഡ് സ്ലാം കരിയർ അവസാനിപ്പിക്കാൻ ഇതിനെക്കാൾ നല്ല മറ്റൊരു വേദിയില്ല. റോഡ് ലവർ അരീന വളരെ പ്രത്യേകത ഉള്ളതാണ്. എൻ്റെ മകനു മുന്നിൽ വച്ച് ഒരു ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.”- സാനിയ പറഞ്ഞു.
14 -ാം വയസിൽ രോഹൻ ബൊപ്പണ്ണക്കൊപ്പമാണ് സാനിയ പ്രൊഫഷണൽ ടെന്നീസിൽ കളിച്ചുതുടങ്ങിയത്. അവസാനത്തെ ഗ്രാൻസ്ലം മത്സരത്തിൽ ഇരുവരും ഒരുമിച്ച് കളിച്ചു എന്നതും ശ്രദ്ധേയമാണ്.
ഫെബ്രുവരി19 ന് നടക്കുന്ന ദുബായ് ടെന്നീസ് ചാംപ്യൻഷിപ്പോടു കൂടി കരിയറിനോട് വിട പറയാനാണ് സാനിയയുടെ തീരുമാനം. ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് സാനിയ തന്റെ കരിയറിൽ ഇതുവരെ നേടിയിട്ടുള്ളത്.
2022 സീസണു ശേഷം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ ഈ തീരുമാനം പിൻവലിച്ചാണ് വീണ്ടും മത്സരിച്ചത്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ഡബിൾസിൻ്റെ ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടതോടെയാണ് സാനിയ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
സാനിയയുടെ കരിയറിലെ 11ആമത് ഗ്രാൻഡ് സ്ലാം ഫൈനലായിരുന്നു സാനിയ. 6 ഗ്രാൻഡ് സ്ലാമുകൾ ഉൾപ്പെടെ 43 ഡബിൾസ് കിരീടങ്ങൾ നേടിയ സനിയ വനിതാ ഡബിൾസ് വിഭാഗത്തിൽ 91 ആഴ്ച ഒന്നാം റാങ്ക് നിലനിർത്തിയിരുന്നു.
രണ്ടു വട്ടം ഓസ്ട്രേലിയൻ ഓപ്പണ്‍ ചാംപ്യനായിട്ടുള്ള സാനിയ മിർസ, 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസ് വിജയിച്ചിട്ടുണ്ട്. 2016ൽ മാർട്ടിന ഹിൻജിസിനൊപ്പം ചേർന്ന് വനിതാ ഡബിൾസും വിജയിച്ചു. രോഹൻ ബൊപ്പണ്ണ ഓസ്ട്രേലിയൻ ഓപ്പണില്‍ ഇതുവരെ ചാംപ്യനായിട്ടില്ല. 2018ൽ ടിമിയ ബാബോസിനൊപ്പം മിക്സഡ് ഡബിള്‍സ് ഫൈനലിലെത്തിയിരുന്നു.
സാനിയയുടെ മുൻ കിരീടനേട്ടങ്ങൾ ഇങ്ങനെ:
∙ 2009: ഓസ്ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ഡബിൾസ്, മഹേഷ് ഭൂപതിക്കൊപ്പം
∙ 2012: ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ്, മഹേഷ് ഭൂപതിക്കൊപ്പം
∙ 2014: യുഎസ് ഓപ്പൺ, ബ്രൂണോ സോറസിനൊപ്പം
∙ 2015: വിമ്പിൾഡൻ, വനിതാ ഡബിൾസ്, മാർട്ടിന ഹിൻജിസിനൊപ്പം
∙ 2015: യുഎസ് ഓപ്പൺ, വനിതാ ഡബിൾസ്, മാർട്ടിന ഹിൻജിസിനൊപ്പം
∙ 2016: ഓസ്ട്രേലിയൻ ഓപ്പൺ, വനിതാ ഡബിൾസ്, മാർട്ടിന ഹിൻജിസിനൊപ്പം