തിരുവനന്തപുരം: തിരുവനന്തപുരത്ത് വൃദ്ധയുടെ ഭൂമിയും പണവും തട്ടിയെടുത്ത സംഭവത്തില്‍ നഗരസഭാ കൗൺസിലറെ സി പി എമ്മില്‍ നിന്ന് സസ്പെൻ്റ് ചെയ്തു. നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ സുജിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്തത്. നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.
മരുത്തൂർ മുടുവീട്ടു വിളാകം ബേബി നിവാസിൽ ബേബി (78) എന്ന വയോധികയ്ക്കൊപ്പം താമസിച്ച് സുജിനും ഭാര്യ ഗീതുവും ചേർന്ന് 12.5 സെന്റ് ഭൂമിയും 17 പവൻ സ്വർണവും 2 ലക്ഷം രൂപയും പലപ്പോഴായി തട്ടിയെടുത്തെന്ന പരാതിയിലാണ് സുജിനെ പാർട്ടി സസ്പെൻഡ് ചെയ്തത്.
സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ വീട്ടിൽ കുടുംബത്തോടെ താമസിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി. അച്ഛനമ്മമാരുടേയും സഹോദരങ്ങളുടേയും മരണത്തോടെയാണ് ബേബി ഒറ്റയ്ക്കായത്. അവിവാഹിതയാണ് ഇവർ. 78 വയസുണ്ട്. മാരായമുട്ടം പൊലീസ് പരിധിയിൽ ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. 2021 ഫെബ്രുവരിയിലാണ് ഭാര്യയ്ക്കും കുട്ടിക്കും ഭാര്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം സുജിൻ ഈ വീട്ടിൽ താമസം തുടങ്ങിയത്.
അലമാരയിൽ സൂക്ഷിച്ച മാലയും വളയും കമ്മലുമെല്ലാം സുജിന്റെ ഭാര്യ ഗീതു ഉപയോഗിച്ചുവെന്ന് ബേബി പറയുന്നു. പിന്നീട് ഇതിൽ പലതും പണയം വെച്ചു, ചിലത് വിറ്റു. എട്ടുമാസം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം ആശുപത്രിയിൽ പോകുന്നു എന്ന് പറഞ്ഞ് എല്ലാവരും കൂടി പോയ പോക്ക് പിന്നെ തിരിച്ചുവന്നില്ലെന്നും സ്വർണവും കൊടുത്തില്ലെന്നും ബേബി പറഞ്ഞു. സൗഹൃദത്തിന്റെ മറവിൽ തന്ത്രപരമായി നെയ്യാറ്റിൻകര സബ് രജിസ്ട്രാർ ഓഫീസിൽ ബേബിയെ എത്തിച്ച് പന്ത്രണ്ടര സെന്റ് ഭൂമി ഭാര്യ ഗീതുവിന്റെ പേരിലേക്ക് സുജിൻ എഴുതി മാറ്റിയയെന്നാണ് മറ്റൊരു ആരോപണം.
ഒപ്പം താമസിക്കുന്നതിനിടെ പല തവണയായി രണ്ട് ലക്ഷം രൂപയും സജിനും ഗീതുവും ചേർന്ന് കൈക്കലാക്കിയെന്നും ബേബി പറയുന്നു. പലതവണ സ്വർണവും ഭൂമിയും പണവും ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനൽകിയില്ല. ബേബി നെയ്യാറ്റിൻകര നഗരസഭാ ചെയർമാനെ കണ്ട് പരാതി കൊടുത്തു. ചെയർമാൻ ഇരുവരെയും വിളിച്ച് സംസാരിച്ചെങ്കിലും സുജിൻ വഴങ്ങിയില്ലെന്നും ബേബി പറയുന്നു.
സ്വർണം പണയം വച്ചതുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എട്ടു മാസത്തിനു ശേഷം സുജിനും കുടുംബവും താമസം മതിയാക്കി. ബേബിയുടെ വീട്ടിൽ താമസിച്ചിരുന്ന കാലയളവിലാണ് ഭൂമി ഭാര്യയുടെ പേരിൽ എഴുതി വാങ്ങിയത്. സബ് റജിസ്ട്രാർ ഓഫിസിൽ ഭൂമിയുടെ റജിസ്ട്രേഷൻ നടത്തിയിരിക്കുന്നത് വിലയാധാരമായിട്ടാണ്. സംഭവത്തിൽ മാരായമുട്ടം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സുജിനും ഭാര്യ ഗീതവും ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി.