പാകിസ്താൻ നായകൻ ബാബർ അസം കഴിഞ്ഞ വർഷത്തെ മികച്ച ഐ.സി.സി പുരുഷ ക്രിക്കറ്റർ. 2022ലെ ‘സർ ഗാർഫീഡ് സോബേഴ്സ് ട്രോഫിയാണ് അസം നേടിയത്.
54.12 ശരാശരിയിൽ 2598 റൺസ് താരം കഴിഞ്ഞ വർഷം നേടിയിരുന്നു. 44 മത്സരങ്ങളിൽ നിന്ന് എട്ട് സെഞ്ച്വറികളും 17 അർധ സെഞ്ച്വറികളുമടക്കമാണ് അസം നേട്ടം കൊയ്തത്. ഇതിലൂടെ ഒരു കലണ്ടർ വർഷത്തിൽ 2000 റൺസെന്ന കടമ്പ കടന്ന ഏക താരമായി പാക് നായകൻ മാറിയിരിക്കുകയാണ്.
2022ലെ മികച്ച ഏകദിന ക്രിക്കറ്ററായും ഐ.സി.സി ഏകദിന ഇലവൻ ക്യാപ്റ്റനായും അസം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 2021ലെ മികച്ച ഏകദിന ക്രിക്കറ്ററും ഏകദിന സംഘത്തലവനും ഇദ്ദേഹം തന്നെയായിരുന്നു. നിലവിൽ 887 റേറ്റിംഗുമായി മികച്ച ഏകദിന ബാറ്ററും അസമാണ്. 2022ൽ താരം കളിച്ച ഒമ്പത് ഏകദിനങ്ങളിൽ എട്ടിലും 50ലേറെ റൺസ് നേടി. 84.87 ശരാശരിയോടെ ആകെ 679 റൺസാണ് ഈ 28കാരൻ അടിച്ചുകൂട്ടിയത്.