ന്യൂ ഡല്‍ഹി: രാജ്യം ഇന്ന് 74ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒന്‍പതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് പത്ത് മണിക്ക് കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമായി.
രാഷ്ട്ര നിര്‍മാണത്തിന് ജീവത്യാഗം ചെയ്തവരെ അനുസ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഈവര്‍ഷത്തെ റിപ്പബ്ലിക് ദിന സന്ദേശം. ഇന്ത്യ ഐക്യത്തിന്റെ ഉത്തമ മാതൃകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യം അതിവേഗം വളരുകയാണെന്നും ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍ സിസിയാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി.
കര്‍ത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വിന്യാസം ശക്തമാക്കിയിട്ടുണ്ട്. കര്‍ത്തവ്യപഥിന്റെയും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെയും നിര്‍മ്മാണത്തില്‍ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേര് ഇത്തവണ പരേഡില്‍ അതിഥികളായെത്തി.