ന്യൂഡൽഹി: ബോര്‍ഡിംഗ് നിഷേധിക്കുക, വിമാനം റദ്ദാകുക, വിമാനം വൈകുക തുടങ്ങി യാത്രക്കാരുടേതല്ലാത്ത കാരണങ്ങള്‍ മൂലം യാത്ര തടസപ്പെട്ടാല്‍ നഷ്ടപരിഹാരത്തിന് സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് ഡിജിസിഎ ഭേദഗതി ചെയ്തു. വിമാനയാത്ര മുടങ്ങി പിന്നീട് താഴ്ന്ന ക്ലാസുകളിലെ ടിക്കറ്റില്‍ യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്ക് ടിക്കറ്റ് തുകയുടെ 75 ശതമാനംവരെ യാത്രക്കാര്‍ക്ക് മടക്കി നല്‍കണം.
ആഭ്യന്തര സര്‍വീസില്‍ നികുതി അടക്കം ടിക്കറ്റ് തുകയുടെ 75 ശതമാനം മടക്കി നല്‍കണം. വിദേശ സര്‍വീസില്‍ മൂന്ന് വിഭാഗങ്ങളിലായാണ് നഷ്ടപരിഹാരത്തിന് അര്‍ഹത. 1,500 കിലോ മീറ്റര്‍വരെയുള്ള യാത്രകള്‍ക്ക് 30 ശതമാനം തുകയും 1,500 മുതല്‍ 3,500 കിലോ മീറ്റര്‍വരെയുള്ള യാത്രകള്‍ക്ക് 50 ശതമാനം തുകയും 3,500 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 75 ശതമാനം തുകയും മടക്കി നല്‍കണം.
പുതിയ മാനദണ്ഡങ്ങൾ ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരും. വിമാന യാത്രക്കാരുടെ പരാതികളുടെ പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.