ദുബായി: ഐസിസി ഏകദിന റാങ്കിംഗിലെ ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഒന്നാമത്. 729 പോയിന്റുമായാണ് സിറാജ് ആദ്യമായി ഒന്നാം റാങ്ക് നേടിയത്. ശ്രീലങ്കയ്ക്കെതിരെയും ന്യൂസീലൻഡിനെതിരെയുമുള്ള പരമ്പരകളിലെ ഗംഭീര പ്രകടനമാണ് താരത്തെ ആദ്യമായി ബോളർമാരിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്.
727 പോയിന്റുള്ള ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസിൽവുഡിനെ മറികടന്നാണ് സിറാജ് നേട്ടത്തിലെത്തിയത്. 708 പോയിന്റുള്ള ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടാണ് പട്ടികയിൽ മൂന്നാമത്.
ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ സിറാജായിരുന്നു വിക്കറ്റ് വേട്ടയിൽ ഒന്നാമൻ. ഒൻപതു വിക്കറ്റുകളാണ് മൂന്നു മത്സരങ്ങളിൽനിന്ന് താരം വീഴ്ത്തിയത്. ന്യൂസീലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽനിന്നു താരം നേടിയത് നാലു വിക്കറ്റുകൾ.
ഏകദിന ബോളർമാരിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 32–ാം സ്ഥാനത്തെത്തി. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് ഏകദിന ബാറ്റർമാരിൽ ഒന്നാം സ്ഥാനത്ത്.
ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ മുൻ നായകൻ വിരാട് കോഹ്ലിയെ യുവതാരം ശുഭ്മാൻ ഗിൽ മറികടന്നതാണ് ശ്രദ്ധേയ നേട്ടം. ന്യൂസിലൻഡിനെതിരേ ഒരു ഡബിൾ സെഞ്ചുറിയും സെഞ്ചുറിയും നേടിയ ഗിൽ 20 സ്ഥാനങ്ങൾ ഉയർന്ന് ആറാം റാങ്കിലെത്തി. കോഹ്ലി നിലവിൽ ഏഴാമതാണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ എട്ടാം സ്ഥാനത്തുമുണ്ട്.