തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് ഡ്രൈവ് ഒരുക്കി ടെക്നോപാര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആക്സിയ ടെക്നോളജീസ്. കേരള സാങ്കേതിക സര്‍വകലാശാലയുമായി ചേര്‍ന്നാണ് പ്ലേസ്മെന്റ് ഡ്രൈവ്. മാര്‍ ബസേലിയോസ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ.ടി.യു വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് പ്ലേസ്മെന്റ് ഡ്രൈവ് ലോഞ്ച് ചെയ്തു.
സാങ്കേതിക സര്‍വകലാശാലക്ക് കീഴിലുള്ള ഏത് കോളേജിലും പഠിക്കുന്ന അവസാനവര്‍ഷ ബി.ടെക്ക്, എം.ടെക്ക്, എംസിഎ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്ലേസ്മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളത്.
ഭിന്നശേഷി സൗഹൃദപരമായുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇത്തരം അവസരങ്ങള്‍ ഈ കുട്ടികള്‍ക്കായി നല്കുവാന് സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇനിയും സമാനമായ അവസരങ്ങള്‍ കുട്ടികള്‍ക്ക് ഒരുക്കുവാന്‍ അക്കാദമിയും സംരംഭകങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണമെന്ന് കെ.ടി.യു വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് പറഞ്ഞു.
ഓരോ ഉദ്യോഗാര്‍ത്ഥിയും വ്യത്യസ്തരാണെന്നും അവര്‍ക്കെല്ലാം അവരവരുടേത് മാത്രമായ കഴിവുകളുണ്ടെന്നും ആക്സിയ ടെക്നോളജീസിന്റെ സ്ഥാപക സിഇഒ ശ്രീ. ജിജിമോന് ചന്ദ്രന് പറഞ്ഞു. എല്ലാവര്ക്കും തുല്യ അവസരങ്ങള്‍ നല്‍കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്ലേസ്മെന്റ് ഡ്രൈവ് എന്നും മറ്റ് കമ്പനികള്‍ക്കും ഇതൊരു പ്രോത്സാഹനമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളുന്ന ഒരു തൊഴില്‍ സംസ്കാരമാണ് ആക്സിയ ടെക്നോളജീസിന്റേത്. നിലവില്‍ ഏതാനും ഭിന്നശേഷിക്കാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. കഴിവും നൈപുണ്യവും മാത്രം കണക്കിലെടുത്താണ് കമ്പനി ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്. അതിനുള്ള തുല്യ അവസരങ്ങള്‍ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉറപ്പാക്കുകയും ചെയ്യുന്നു. സാങ്കേതിക രംഗത്ത് എല്ലാവര്ക്കും തുല്യനീതിയും അവസരങ്ങളും ഉറപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അടുത്തിടെ ലോകത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങള്‍ക്ക് മാത്രം കിട്ടുന്ന ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് അംഗീകാരം ആക്സിയ ടെക്നോളജീസിന് കിട്ടിയിരുന്നു.
ശ്രീ ജിജിമോന് ചന്ദ്രനും ഡോ. സിസ തോമസിനും പുറമെ, നിഷിന്റെ അക്കാഡമിക് പ്രോഗ്രാംസ് പ്രിന്‍സിപ്പല്‍ ഡോ. സുജ കെ കുന്നത്ത്, മാര്‍ ബസേലിയോസ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് ട്രെഷറര്‍ റവ.ഫാദര്‍ ജോണ്‍ വര്‍ഗീസ് പളനില്‍ കുന്നത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. എബ്രഹാം ടി മാത്യു,
കെടിയു ഇന്‍ഡസ്ട്രി അറ്റാച്ച്മെന്റ്റ് സെല്‍ കോര്‍ഡിനേറ്റര്‍ അരുണ്‍ അലക്സ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: careers@acsiatech.com