തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന പൂജപ്പുരയിൽ സംഘർഷം. പ്രദർശനം നടത്തുന്നിടത്തേക്ക് നടന്ന ബി.ജെ.പിയുടേയും ബി.ജെ.പി അനുകൂല സംഘടനകളും മാർച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ബിബിസി ഡോക്യുമെന്ററി പ്രദർശനവേദിയിലെ ബാരിക്കോഡ് തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകരുടെ ശ്രമിച്ചതോടെയാണ് പൂജപ്പുരയില്‍ സംഘര്‍ഷം ഉടലെടുത്തത്. വനിത ബിജെപി പ്രവർത്തകരടക്കം ബാരിക്കേട് മറികടക്കാൻ ശ്രമമിച്ചു. ബാരിക്കേഡ് ഇല്ലാത്ത വിടവിലൂടെ തള്ളിക്കയറാനുള്ള ശ്രമവും പൊലീസ് തടഞ്ഞു. പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ നാല് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഗുജറാത്ത് കലാപം പ്രമേയമാക്കിയ ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇടത് യുവജന വിദ്യാര്‍ത്ഥി സംഘടനകളും കോൺഗ്രസും രംഗത്തെത്തി. ക്യാമ്പസുകളിലും പുറത്തും വ്യാപകമായി ഉച്ചമുതൽ പ്രദര്‍ശനങ്ങളൊരുക്കി. പ്രദര്‍ശനം തടയുമെന്ന് യുവമോര്‍ച്ച പ്രഖ്യാപിച്ചു. പലയിടത്തും പ്രദര്‍ശനം സംഘര്‍ഷങ്ങൾക്കുമിടയാക്കി.
നേരത്തെ മാനവീയം വീഥിയിൽ യൂത്ത് കോൺഗ്രസ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമ്പോൾ യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാൽ ഉടൻ തന്നെ ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതിനിടെ, കാലടി സംസ്കൃത സർവകലാശാലയിലും ബി.ജെ.പി പ്രതിഷേധം നടന്നു. കാലടി സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയെങ്കിലും ഗേറ്റിനരികെ വെച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. തുടർന്ന് ക്യാമ്പസിന് പുറത്ത് സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐ, കെ.എസ്.യു. കൊടികളും ബാനറുകളും പ്രതിഷേധക്കാർ നശിപ്പിച്ചു. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കണ്ണൂർ സർവകലാശാലയിൽ സെമിനാർ കോപംള്കസിൽ അനുമതി നിഷേധിച്ചതോടെ പോർട്ടിക്കോയിൽ പ്രദർശനമൊരുക്കി. തിരുവനന്തപുരം ലോ കോളേജിൽ ഡോക്യു പ്രദർശന ശേഷം എസ്എഫ്ഐ മോദിയുടെ കോലം കത്തിച്ചു. കോഴിക്കോട് സരോജ് ഭവനിൽ ഡിഐഎഫ്ഐയുടെ നേതൃത്വതതിലായിരുന്നു പ്രദർശനം.
പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ മുൻകയ്യെടുത്തായിരുന്ന പ്രദർശനം. ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ചാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അനുമതിയില്ലാതെയുള്ള പ്രദർശനത്തിനെതിരെ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം മാനവീയം വീഥിയൽ ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ പ്രദർശനം യൂത്ത് കോൺഗ്രസ് വക. ഷോ തുടങ്ങും മുമ്പ് എതിർപ്പുമായി യുവമോർച്ചാ പ്രവർത്തകരെത്തി. ഇരുപക്ഷവും തമ്മിൽ മുദ്രാവാക്യം വിളി. ഒടുവിൽ പൊലീസ് യുവമോർച്ചാ പ്രവർത്തകരെ നീക്കിയ ശേഷമായിരുന്നു പ്രദർശനം.