കൊച്ചി : കളമശ്ശേരിയില്‍ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തില്‍ ഉടമ ജുനൈസിന്റെ സഹായിയും പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശിയായ നിസാബാണ് പിടിയിലായത്. അതേസമയം, കേസില്‍ ജുനൈസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഒളിവിലായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി ജുനൈസിനെ മലപ്പുറം പൊന്നാന്നിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും പഴകിയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണെന്ന് ജുനൈസ് പറഞ്ഞു. കൊച്ചിയില്‍ 50 കടകളുമായി ഇടപാട് നടത്തിയിട്ടുണ്ടെന്നും വീട്ടില്‍ നിന്ന് കണ്ടെത്തിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്കി. അതേസമയം, ഐപിസി 328ാം വകുപ്പ് പ്രകാരമാണ് ജുനൈസിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൈപ്പടമുകളില്‍ വീട് വാടകയ്ക്ക് എടുത്ത് സുനാമി ഇറച്ചി എത്തിച്ച് വിതരണം നടത്തിയിരുന്ന ജുനൈസിനെ കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന് ഒരു വിവരവുമുണ്ടായിരുന്നില്ല. ആദ്യ ഘട്ടത്തില്‍ ഫോണില്‍ ലഭിച്ചിരുന്നെങ്കിലും കേസെടുത്തതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ വൈകുന്നേരത്തോടെ പൊന്നാനിയില്‍ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്.