തിരുവനന്തപുരം: എല്‍.ഡി.എഫ് നിയമസഭാ കക്ഷി യോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. മന്ത്രിമാര്‍ ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. പല വകുപ്പുകളിലും നടക്കുന്നത് പ്രഖ്യാപനങ്ങൾ മാത്രമാണ്. എംഎൽഎമാർക്ക് നാട്ടിൽ നിൽക്കാനാകാത്ത സ്ഥിതിയാണ്. പ്രഖ്യാപനങ്ങൾ മാത്രം പോര, ഫണ്ട് അനുവദിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
‘‘എംഎൽഎമാർക്ക് മണ്ഡലത്തിൽ നിൽക്കാനാകാത്ത സ്ഥിതിയാണ്. പ്രഖ്യാപനങ്ങൾ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. ഇത്തരത്തിൽ പ്രവർത്തിക്കാനാകില്ല. ബജറ്റ് പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള റോഡ് ജോലികൾക്കു കാലതാമസം നേരിടുന്നു. മന്ത്രി നല്ലയാൾ ആണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ല’’– ഗണേഷ് കുറ്റപ്പെടുത്തി.
ഗണേഷ് കുമാറിന്റെ പരാമർശത്തെ നിയമസഭാ കക്ഷി യോഗത്തില്‍ സിപിഎം എംഎൽഎമാർ രൂക്ഷമായി വിമർശിച്ചു. എന്നാല്‍ പറയാനുള്ള കാര്യങ്ങൾ ഈ വേദിയിൽ അല്ലാതെ എവിടെ പറയും എന്നാണ് ഗണേഷ് കുമാര്‍ ചോദിച്ചത്. ഈ വിഷയത്തില്‍ അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. പിന്നീട് ഗണേഷ് കുമാറിന്റെ ചില വിമര്‍ശനങ്ങളെ സിപിഐഎം എംഎല്‍എമാര്‍ പിന്തുണയ്ക്കുകയും ചെയ്തു.