കോട്ടയം: കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി. ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനിൽ കുമാർ എന്നിവരാണ് രാജിവെച്ചത്. രാജിവെച്ച ഡയറക്ടർ ശങ്കർ മോഹനുമായി അടുപ്പമുള്ളവരാണ് രാജിവെച്ചത്.
രാജി ജനുവരി 18-ന് തന്നെ ശങ്കര്‍ മോഹന്‍ നല്‍കിയിരുന്നതായി രാജി വച്ചവര്‍ വ്യക്തമാക്കി. അധ്യാപകര്‍ക്ക് ഗുണനിലവാരം ഇല്ലെന്ന പരാതി അംഗീകരിക്കാനാകില്ലെന്നും ഇവര്‍ വ്യക്തമാക്കി.
ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ദീര്‍ഘനാളായി സമരം നടത്തിവരികയായിരുന്നു. ഇന്നാണ് 50 ദിവസമായി വിദ്യാര്‍ഥികള്‍ നടത്തിയ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം ശങ്കര്‍ മോഹന്‍ ഡയറക്ടർ പദവി രാജിവച്ചിരുന്നു
ഉന്നതവിദ്യാഭ്യാസമന്ത്രി ആര്. ബിന്ദുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നതായി വിദ്യാര്‍ഥികള്‍ അറിയിച്ചത്. സമരം ഒത്തുതീര്‍ന്നതായി മന്ത്രി ആര്. ബിന്ദുവും പ്രതികരിച്ചു.
ഡയറക്ടറെ പുറത്താക്കുക എന്നതായിരുന്നു വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. അദ്ദേഹം കഴിഞ്ഞദിവസം രാജിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ഡയറക്ടറെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവിറക്കി. പുതിയ ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയാണ്. ഒഴിഞ്ഞുകിടക്കുന്ന സംവരണസീറ്റുകള്‍ നികത്തും. കെ.ജയകുമാര്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.