ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് ഇന്ത്യയുടെ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരായ താരങ്ങളുടെ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാന്‍ മേല്‍നോട്ട സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്കി. ഒളിമ്പിക്സ് മെഡല്‍ ജേതാവ് മേരി കോമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മേല്‍നോട്ട സമിതിയെയാണ് നിയോഗിച്ചത്.
കായികമന്ത്രി അനുരാഗ് ഠാക്കൂറാണ് തിങ്കളാഴ്ച സമിതിയെ നിയമിച്ചത്. ലൈംഗികാരോപണങ്ങളിലും സാമ്പത്തിക ക്രമക്കേടുകളിലും സമിതി വ്യക്തമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളും പരാതികളും അന്വേഷിക്കാന്‍ മേല്‍നോട്ടസമിതിയെ രൂപവത്ക്കരിക്കുമെന്ന് മന്ത്രി ശനിയാഴ്ച ഉറപ്പ് നല്‍കിയിരുന്നു.
ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞദിവസം ഫെഡറേഷന് അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെ കേന്ദ്രസര്‍ക്കാര്‍ മാറ്റിനിര്‍ത്തിയിരുന്നു. ഇതിനു പുറമേ അടുത്ത ഒരു മാസ കാലയളവില്‍ ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും മേല്‍നോട്ട സമിതി തന്നെ നിര്‍വഹിക്കും.
ശനിയാഴ്ച കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു താരങ്ങള്‍ സമരം പിന്‍വലിച്ചത്. അതേസമയം തനിക്കെതിരേ പ്രതിഷേധിക്കുകയും ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത മുന്‍നിര ഗുസ്തി താരങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കേണ്ടിവന്ന ബ്രിജ് ഭൂഷണ് ശരണ്‍ സിങ് ഹൈക്കോടതിയെ സമീപിച്ചു. ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച് പണം തട്ടിയെടുക്കാനും ബ്ലാക്ക് മെയില്‍ ചെയ്യാനും താരങ്ങള്‍ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.