മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നമെന്ത്? മണ്ണിനടിയെല്ലാം പന്നി കുത്തിമറിക്കും. മരത്തിലുള്ളതെല്ലാം കുരങ്ങൻ പറിക്കും. കൃഷി ഏതാണ്ട് അസാധ്യമെന്നുതന്നെ പറയാം. മലയോര പ്രദേശത്തു മാത്രമല്ല ഇടനാടുകളിൽ മുഴുവൻ പന്നിശല്യം കൃഷിയെ ഏതാണ്ട് സ്തംഭിപ്പിച്ചിരിക്കുകയാണ്.
റാന്നി ഗ്രാമ പഞ്ചായത്ത് അംഗം സച്ചിൻ വയലായുടെ വീട്ടിൽ ചന്നെപ്പോൾ അവർ ചൂണ്ടിക്കാണിച്ചതാണ് താഴത്തു പറമ്പിന്റെ വലിയൊരു ഭാഗം കിളച്ചതുപോലെ കുത്തിമറിച്ചിരിക്കുകയാണ്. ഉപേക്ഷിച്ച തോട്ടങ്ങൾ പലതും പന്നിത്താവളങ്ങളാണ്. തൊഴിലുറപ്പ് കനാൽ വൃത്തിയാക്കുന്നതിനുവേണ്ടി ഉപയോഗിക്കാൻ പാടില്ലായെന്നു വന്നതോടുകൂടി കലിങ്കിൻ കീഴിലും മറ്റും പന്നിക്കൂട്ടങ്ങൾ താവളമാക്കിയിരിക്കുന്നു. താവളങ്ങളിൽ നിന്നു ശരവേഗതയിലാണ് പാച്ചിൽ. മുന്നിൽപ്പെടുന്നതെല്ലാം ചവുട്ടി മെതിക്കും. പണ്ട് കുറുക്കന്മാർ പിന്നാലെ കൂടുമായിരുന്നു. പാച്ചിലിൽ പിന്നിലാകുന്ന പന്നിക്കുഞ്ഞുങ്ങളെ കുറുക്കന്മാർ പിടിക്കുമായിരുന്നു. എന്നാൽ ഇന്നു കുറുക്കന്മാർ ഇല്ല. കാട്ടിൽ പന്നിക്കു സംരക്ഷണമില്ല. പക്ഷേ, നാട്ടിൽ ഉണ്ട്. തന്മൂലം അവയുടെ എണ്ണം ക്രമാതീതമായി പെരുകുകയാണ്.
വേലികെട്ടിയോ മറ്റോ നമ്മുടെ പറമ്പിൽ നിന്ന് അകറ്റി നിർത്തൽ പ്രതിവിധി അല്ല. കാരണം എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാരുടെ ക്ഷമ അതിരിലാണ്. വലിയ കുഴികളിൽ സഞ്ചാരപഥങ്ങളിൽ വീപ്പയിൽ വെള്ളം നിറച്ച് വീഴ്ത്തി കൊല്ലുന്നതാണ് ഇപ്പോൾ പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുന്ന സൂത്രം. പഞ്ചായത്ത് അടിസ്ഥാനത്തിൽ സന്നദ്ധസംഘങ്ങൾ ഉണ്ടാക്കി ഒരാഴ്ച വേട്ട സംഘടിപ്പിക്കുന്നതിനെക്കുറിച്ചും പലരും പറഞ്ഞു. വെടിവയ്പ്പുകാർക്കു കരാർ കൊടുത്തിട്ടും പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല.
ഈ ഗുരുതരമായ അവസ്ഥയ്ക്കു പ്രതിവിധി തേടുന്നതിനു ജില്ലാ അടിസ്ഥാനത്തിൽ ഒരു കൺവെൻഷൻ പത്തനംതിട്ടയിൽ ചേരുന്നതിനെക്കുറിച്ചും പറഞ്ഞുകേട്ടു. ഒന്നുകിൽ കൃഷി. അല്ലെങ്കിൽ പന്നി. നാട്ടിൽ പന്നിയെ സംരക്ഷിച്ചുകൊണ്ട് കൃഷി ചെയ്യാനാവില്ല.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fthomasisaaq%2Fposts%2Fpfbid0JLUbrAEbgwGJytR7LGyL1Bs25JMbowdvCTeBbeubJpfJAn7QrKdQhZiQYbmDcbXFl&show_text=true&width=500