കൊച്ചി: സംസ്ഥാനത്തെ നഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്ന് മാസത്തിനകം നടപടി എടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
ഇതിന് മുന്‍പ് 2018 ലാണ് സര്‍ക്കാര്‍ നഴ്സുമാരുടെ മിനിമം വേതനം പരിഷ്കരിച്ചത്. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ മിനിമം വേതനം 20,000 രൂപയും പരമാവധി 30,000 രൂപയുമാക്കിയാണ് നിശ്ചയിച്ചത്. എന്നാല്‍ ഈ ശമ്പളം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി നഴ്സുമാര്‍ വീണ്ടും സമരത്തിനിറങ്ങിയിരുന്നു. സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സിന്റെ അടിസ്ഥാന ശമ്ബളം 39,300 രൂപയാണെന്നും ഈ കണക്കിലേയ്ക്ക് സ്വകാര്യ മേഖലയിലെ നഴ്സുമാരെകൂടി ഉയര്‍ത്തണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.
കൂടാതെ ആയുര്‍വേദമടക്കമുള്ള ചികിത്സാ ശാഖകളിലെ നഴ്സുമാരുടെ വേതനം ഇതില്‍ പരിഷ്കരിച്ചിട്ടില്ലെന്ന് യുഎന്‍എ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വേതനം പരിഷ്കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റും വാദിച്ചു. ഇതേ തുടര്‍ന്നാണ് 2018 ലെ ഉത്തരവ് റദ്ദാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കൂടി കേട്ടശേഷം തീരുമാനമെടുക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.