ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം. പത്ത് പേർക്ക് പരുക്ക്. ഈദ് ഗാഹ് മേഖലയിലാണ് അപകടം നടന്നത്. പ്രദേശം വളഞ്ഞ സുരക്ഷാസേന മേഖലയിൽ തിരച്ചിൽ തുടങ്ങി.
ഇതോടെ കശ്മീരിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് ഭീകരാക്രമണങ്ങളിലായി 11 പേർക്ക് പരുക്കേറ്റു. ജമ്മുവിൽനിന്ന് 10 കിലോമീറ്റർ അകലെ ബജാൽത്തയിൽ ഇന്നലെ രാത്രി സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതും ഭീകരാക്രമണമാണ് എന്ന സംശയത്തിലാണ് പൊലീസ്.
ജമ്മു നർവലിലെ ഇരട്ട സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ രജൗരിയില്‍ സുരക്ഷാ ഏജൻസികൾ യോഗം ചേർന്നു. റിപ്പബ്ലിക് ദിന പരിപാടികൾക്കും ഭാരത് ജോഡോ യാത്രയ്ക്കും സുരക്ഷ കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്.