കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 85 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സ്വർണം പേസ്റ്റ് രൂപത്തിലാക്കി കാലിൽ കെട്ടിവച്ചായിരുന്നു കടത്താൻ ശ്രമം നടത്തിയത്.
സ്വർണവുമായി കുവൈറ്റിൽനിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുളിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 85 ലക്ഷം രൂപ വരുന്ന 1978 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ദ്രാവക രൂപത്തിലാക്കിയ 2 കിലോയോളം സ്വര്‍ണം 2 പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് എത്തിച്ചത്.
യുവാവിന്റെ നടത്തത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
6 ദിവസത്തിനിടെ രണ്ടരക്കോടി രൂപ മൂല്യം വരുന്ന അഞ്ചര കിലോ സ്വര്‍ണമാണ് നെടുമ്പാശേരിയില്‍ കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണക്കടത്തുമായി ബന്ധപ്പെട്ട പരിശോധനകൾ കർശനമാക്കിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്നു കസ്റ്റംസ് അറിയിച്ചു.