കൊച്ചി: എറണാകുളം ലോ കോളേജിൽ വിദ്യാർത്ഥി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി നടി അപർണ ബാലമുരളി. കോളജ് അധികൃതരുടെ നടപടികളിൽ തൃപ്തിയെന്ന് അപർണ ബാലമുരളി പറഞ്ഞു. ലോ കോളജിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. കുട്ടികൾ മാപ്പ് പറഞ്ഞു. തങ്കം എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അപർണ.
“ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവിടെ നടന്നത്. ലോ കോളജില്‍ അങ്ങനെ സംഭവിക്കരുതായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് കോളജിന് അറിയാം, അതുപോലെ തന്നെ അവര്‍ ചെയ്തിട്ടുമുണ്ട്. അവിടുത്തെ എല്ലാ കുട്ടികളും സംഭവത്തില്‍ മാപ്പ് പറഞ്ഞു. കോളജിനെ ഞാന്‍ ബഹുമാനിക്കുന്നു.”- അപര്‍ണ പറഞ്ഞു.
എറണാകുളം ലോ കോളജില്‍ യൂണിയന് പരിപാടിക്ക് എത്തിയപ്പോഴാണ് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് അപര്ണയ്ക്ക് മോശം അനുഭവമുണ്ടായത്. പൂ കൊടുക്കാനായി സ്റ്റേജില്‍ എത്തിയ വിദ്യാര്‍ത്ഥി കയ്യില്‍ കയറി പിടിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയുമായിരുന്നു. താരം അതൃപ്തി പ്രകടമാക്കിയതോടെ വിദ്യാര്‍ത്ഥി ക്ഷമാപണം നടത്തി. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയായിരുന്നു. പിന്നാലെ വിദ്യാര്‍ത്ഥിയെ കോളജ് സസ്പെന്‍ഡ് ചെയ്തിരുന്നു. കോളജ് സ്റ്റാഫ് കൗൺസിലിൻ്റേതായിരുന്നു നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ.