കൊച്ചി: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതീയതയ്ക്കെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിനു പിന്തുണയുമായി നടൻ ഫഹദ് ഫാസിൽ. താൻ കുട്ടികൾക്കൊപ്പമാണ് എന്ന് പറഞ്ഞ താരം, പ്രശ്നങ്ങൾ പരിഹരിച്ച് വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെയെന്നും വ്യക്തമാക്കി. പുതിയ ചിത്രം തങ്കത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു താരം.
ചെയർമാൻ രാജിവച്ചതും നടൻ ചൂണ്ടിക്കാട്ടി. ഇന്നലെയാണ് കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ശങ്കർ മോഹൻ രാജിവച്ചത്. എന്നാൽ ചെയർമാന്റെ രാജികൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. മുന്നോട്ടുവച്ച ബാക്കി ആവശ്യങ്ങൾ കൂടി അംഗീകരിക്കണം എന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
15 ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്. അതിൽ ഒന്നാമത്തെ ആവശ്യമായിരുന്നു ശങ്കർ മോഹനെ പുറത്താക്കുക എന്നത്. അദ്ദേഹം സ്വയം രാജിവച്ചുപോയി. ബാക്കിയുള്ള ആവശ്യങ്ങൾ സംബന്ധിച്ച് നാളെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തുമെന്നും വിദ്യാർഥികൾ പറഞ്ഞു.
ശങ്കർ മോഹനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 50 ദിവസത്തോളമായി വിദ്യാർഥികൾ സമരത്തിലായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ശങ്കർ മോഹനെ സംരക്ഷിക്കുകയാണെന്നും ആരോപണമുയർന്നിരുന്നു. ശങ്കർ മോഹനെ പിന്തുണച്ചുകൊണ്ടുള്ള അടൂരിന്റെ പ്രതികരണവും വിവാദമായിരുന്നു.