2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യാൻ നിർദേശം. യൂട്യൂബിനും ട്വിറ്ററിനുമാണ് കേന്ദ്രസർക്കാരിന്റെ നിർദേശം ലഭിച്ചത്. ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന വാദവുമായാണ് ബി.ബി.സി ഡോക്യുമെന്ററി പുറത്തുവിട്ടത്. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ബ്രിട്ടനിൽ ചൊവ്വാഴ്ച ബി.ബി.സി-ടു സംപ്രേഷണം ചെയ്തു. പിന്നാലെ, ഇത് ഇന്ത്യയിലും യൂട്യൂബിൽ ലഭ്യമായിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമായി.
വിശ്വാസ്യതയില്ലാത്ത കാര്യങ്ങൾ അവതരിപ്പിക്കുന്ന ആശയപ്രചാരണത്തിനുള്ള ആയുധമാണ് ബി.ബി.സി ഡോക്യുമെന്ററിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇതിന്റെ ലക്ഷ്യങ്ങളെന്താണെന്ന കാര്യത്തിൽ സംശയമുണ്ട്. മുൻധാരണയോടെയും വസ്തുതാവിരുദ്ധവും കൊളോണിയൽ മനസ്സ് കൃത്യമായി പ്രതിഫലിക്കുന്നതുമാണിത്. ഇത്തരം കാര്യങ്ങൾ പൊലിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രാലയം തുടർന്നു.