കൊച്ചി: എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നോവേഷന്‍ ഗ്രൂപ്പിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും രണ്ടാം മാരത്തോണിനും വേദിയാകാന്‍ ഒരുങ്ങി കൊച്ചി. ജനുവരി 22 ഞായറാഴ്ച നടക്കുന്ന മാരത്തോണ്‍ നിയമ-വ്യവസായ മന്ത്രി പി. രാജീവ് ഫ്‌ലാഗ് ഓഫ് ചെയ്യും. മത്സരാര്‍ഥികള്‍ ഓരോ കിലോമീറ്റര്‍ ഓടുമ്പോഴും പാവപ്പെട്ട ഒരു കുട്ടിക്ക് പോഷകസമ്പന്നമായ ഭക്ഷണം നല്‍കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
വിജയികള്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കൊല്ലം കൊച്ചിയില്‍ നടക്കുന്ന പരിപാടികളില്‍ ഏറ്റവും ജനപങ്കാളിത്തമുള്ള ഒന്നായിരിക്കും ഈ മാരത്തോണ്‍. എറണാകുളത്ത് നിന്നുള്ള എംപി ശ്രീ ഹൈബി ഈഡന്‍, എറണാകുളം എം.എല്‍.എ ശ്രീ ടി ജെ വിനോദ്, കൊച്ചി എം.എല്‍.എ ശ്രീ. കെ.ജെ മാക്‌സി, ഡെപ്യുട്ടി കളക്ടര്‍ ശ്രീ. ഷാജഹാന്‍, എറണാകുളം നഗരസഭയുടെ ഡെപ്യുട്ടി മേയര്‍ ശ്രീമതി അന്‍സിയ, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, മുതിര്‍ന്ന കായിക താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
ദര്‍ബാര്‍ ഹാളില്‍ നിന്നാണ് മാരത്തോണ്‍ ആരംഭിക്കുന്നത്. പുലര്‍ച്ചെ 4 മണി മുതല്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും. 15 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാം. 21 കിലോമീറ്റര്‍, 10 കിലോമീറ്റര്‍, 5 കിലോമീറ്റര്‍ എന്നിങ്ങനെ ചെറു മാരത്തോണുകളും കുട്ടികള്‍ക്കായി രണ്ട് കിലോമീറ്റര്‍ ദൈര്‍ഖ്യമുള്ള കിഡ്‌സ് മാരത്തോണും സംഘടിപ്പിച്ചിട്ടുണ്ട്.എല്ലാ വിഭാഗത്തിലുള്ള മാരത്തോണുകള്‍ക്കും സമ്മാനത്തുക ഉണ്ടായിരിക്കുന്നതാണ്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികവ് തെളിയിച്ച കായിക താരങ്ങളെയും പരിശീലകരെയും പരിപാടിയില്‍ അനുമോദിക്കും.
കഴിഞ്ഞ വര്‍ഷം തൃശ്ശൂരില്‍ നടന്ന മാരത്തോണില്‍ വെച്ച് 2028 ഒളിമ്പിക്സില്‍ മെഡല്‍ സാധ്യതയുള്ള മൂന്ന് കായികതാരങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും പതിനയ്യായിരത്തിലേറെ പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുകയും ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നോവേഷന്‍ ഗ്രൂപ്പ് നടത്തിയിട്ടുണ്ട്. ജനുവരി 23നാണ് ഗ്രൂപ്പ് സ്ഥാപകദിനമായി ആഘോഷിക്കുന്നത്. കമ്പനിയുടെ കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.
”മറ്റുള്ളവരെ സഹായിക്കുമ്പോള്‍ കിട്ടുന്ന ആത്മസംതൃപ്തിയാണ് ജീവിതത്തിലെ ഏറ്റവും മഹത്തായ വികാരം. ദുരിതകാലങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം നമ്മെ സഹായിക്കാന്‍ നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഇനി അവര്‍ക്ക് വേണ്ടി നമുക്ക് എന്തെങ്കിലുമൊക്കെ തിരിച്ച് ചെയ്യേണ്ട സമയമാണ്. ഓരോ സ്ഥാപക ദിനത്തിലും പരമാവധി പാവപ്പെട്ട കുട്ടികള്‍ക്ക് സഹായമെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. അതിനുള്ള ഈ വേദിയായിരിക്കും ഈ മാരത്തോണ്‍ എന്നും നിരവധി ഓട്ടക്കാര്‍ അതീവതാല്പര്യത്തോടെ മാരത്തോണില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ”യെന്നും എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നോവേഷന്‍ ഗ്രൂപ്പ് പ്രസ്താവിച്ചു.