തിരുവനന്തപുരം: സംസ്ഥാനത്ത് സമയം രേഖപ്പെടുത്താതെ ഭക്ഷ്യവസ്തുക്കള്‍ പാഴ്സല്‍ നല്‍കുന്നത് നിരോധിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും, കൂടാതെ എത്ര സമയത്തിനുള്ളില്‍ കഴിക്കണമെന്നും രേഖപ്പെടുത്തിയിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഫുഡ്സേഫ്റ്റി സ്റ്റാന്റേര്‍ഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. അതുകൊണ്ടുതന്നെ ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ ഇത്തരം ഭക്ഷണം സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.