കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സിബി മാത്യൂസ് ഉൾപ്പെടെ ആറ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഈ മാസം 27 ന് പ്രതികൾ സിബിഐയ്ക്ക് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.
ഗൂഢാലോചന കേസ് എന്ന രീതിയിൽ സിബിഐ ഉയർത്തിക്കൊണ്ടുവന്ന കേസിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. കേസുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസിയ്ക്ക് കഴിഞ്ഞില്ല എന്ന നിരീക്ഷണം കോടതി രേഖപ്പെടുത്തി.
ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യ സ്വായത്തമാക്കാതിരിക്കാൻ വിദേശ ശക്തികൾ ഇടപെട്ടു. അതിന് വേണ്ടി അവർക്കൊപ്പം നിന്ന് പ്രതികൾ ഈ ഗൂഢാലോചനയിൽ പങ്കെടുത്തു എന്നതായിരുന്നു സിബിഐയുടെ കേസ്. എന്നാൽ അത്തരം അന്താരാഷ്ട്ര ശക്തികളുടെ ഇടപെൽ ഈ കേസിനു പിന്നിൽ ഉണ്ടെന്ന സിബിഐയുടെ വാദത്തിന് അടിത്തറ പാകുന്നതിനായുള്ള ഒരു തെളിവ് പോലും സമർപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല എന്ന ജസ്റ്റിസ് കെ ബാബു വിടി പ്രസ്താവനയിൽ സൂചിപ്പിച്ചു. കോടതിയിലെത്തിയ തെളിവുകൾ പ്രകാരം ഗൂഢാലോചന തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ല എന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.