കലിഫോർണിയ: ആഗോളതലത്തിൽ 12000 ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനവുമായി ഗൂഗിൾ. ആകെ ജീവനക്കാരുടെ ആറ് ശതമാനത്തെയാണ് പറഞ്ഞുവിടുന്നത്.
സാമ്പത്തിക മേഖലയിലെ മാറ്റം സാധ്യത മുൻനിർത്തിയാണ് തീരുമാനമെന്ന് സിഇഒ സുന്ദർ പിച്ചെ പറഞ്ഞു. ഇന്ന് അഭിമുഖീകരിക്കുന്നതിനേക്കാൾ വ്യത്യസ്തമായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമമാണ്. ഈ തീരുമാനത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.
പിരിച്ചുവിടൽ തീരുമാനം ആദ്യം യുഎസിലാകും നടപ്പാക്കുക. പിന്നാലെ മറ്റ് രാജ്യങ്ങളിലും നടപ്പാക്കും. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ഇതിനകം തന്നെ ആൽഫബെറ്റ് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രാദേശിക തൊഴിൽ നിയമങ്ങളുടെ സാങ്കേതികത്വം മൂലമാണ് മറ്റ് രാജ്യങ്ങളിൽ പിരിച്ചുവിടലിന് കാലതാമസം എടുക്കുന്നതെന്നാണ് അറിയുന്നത്.
അതേസമയം, ഗൂഗിളിന്റെ ഏത് മേഖലയിലുള്ള തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ന്യായമായ ആനുകൂല്യങ്ങൾ കമ്പനി ഉറപ്പാക്കുമെന്നും സുന്ദർ പിച്ചൈ ഇ-മെയിലിലൂടെ അറിയിച്ചു. അർഹതയുള്ള തൊഴിലാളികൾക്ക് അവരുടെ കരാർ പ്രകാരം ബോണസും ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും ലഭിക്കും. മൈക്രോസോഫ്റ്റ് 10,000 തൊഴിലാളികളെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളിന്റെയും പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ മെറ്റാ, ട്വിറ്റർ തുടങ്ങിയ മറ്റ് കമ്പനികളും തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.