മാഡ്രിഡ്: ലൈംഗികാതിക്രമ കേസിൽ ബ്രസീൽ വെറ്ററൻ താരം ഡാനി ആൽവസ് സ്പെയിനിൽ അറസ്റ്റിൽ. ബ്രസീൽ ഡിഫൻഡർ ഡാനി ആൽവസ് നിശാക്ലബ്ബിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി. ഡാനി ആൽവ്സ് അതിക്രമം നടത്തിയെന്ന് കാണിച്ച് ജനുവരി രണ്ടിനാണ് യുവതി പരാതി നൽകിയതെന്നും പൊലീസ് പറഞ്ഞു.
ബാഴ്സലോണയിലെ പ്രശസ്ത നൈറ്റ് ക്ലബിൽ ഡിസംബർ 30-31 അർധ രാത്രിയിലാണ് സംഭവം നടന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരാതിയിൽ ബാഴ്സലോണയിലെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ താരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഡാനി ആൽവസ് തന്നെ മോശമായി സ്പർശിച്ചെന്നുകാട്ടി യുവതി ജനുവരി രണ്ടിനാണ് പരാതി നൽകിയത്. പുതുവർഷത്തെ വരവേറ്റ അർധരാത്രിയിൽ ബാഴ്സലോണയിലെ പ്രശസ്തമായ നിശാക്ലബ്ബിൽ വച്ചാണ് ലൈംഗികാതിക്രമം നടന്നത്. തന്റെ പാന്റ്സിനുള്ളില്‍ കൈ കടത്തി അതിക്രമം കാട്ടിയെന്നാണ് യുവതിയുടെ പരാതി.
എന്നാൽ നൈറ്റ്ക്ലബിൽ താനുണ്ടായിരുന്നുവെങ്കിലും ആരോപിക്കപ്പെട്ട കാര്യങ്ങൾ ചെയ്തിട്ടില്ലെന്ന് ഡാനി ആൽവ്സ് പറഞ്ഞു. ആരോപണമുന്നയിച്ച സ്ത്രീയെ ഇതിന് മുമ്പ് കണ്ടിട്ടേയില്ലെന്നും സ്പാനിഷ് ചാനലായ അന്റെന 3 യ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടു.
ബാഴ്സലോണ, യുവന്റസ്, പിഎസ്ജി ക്ലബുകളില്‍ കളിച്ച 39 കാരനായ താരം, നിലവില്‍ മെക്സിക്കന്‍ ക്ലബ് പ്യുമാസിന്റെ താരമാണ്.