ഇ-കൊമേഴ്സ് ഭീമനായ ആമസോൺ പിരിച്ചുവിടൽ ആരംഭിച്ചു കഴിഞ്ഞു. ഓൺലൈൻ വിൽപ്പനയുടെ വളർച്ച മന്ദഗതിയിലായതോടെ ചെലവ് ചുരുക്കൽ നടപടിയിലേക്ക് കടക്കുകയായിരുന്നു കമ്പനി. ഏകദേശം 2,300 ജീവനക്കാർക്ക് ഇത് സംബന്ധിച്ച നോട്ടീസ് കമ്പനി നൽകി. സാമ്പത്തിക മാന്ദ്യ ഭീതിയും തീരുമാനമെടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചിട്ടുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിനാണ് ആമസോൺ തയ്യാറെടുക്കുന്നത്. 18,000-ലധികം ജീവനക്കാരെ ബാധിക്കുന്ന നടപടി ആരംഭിച്ചതിന്റെ ഭാഗമായി ജീവനക്കാർക്ക് കമ്പനി നോട്ടീസ് അയച്ചുകഴിഞ്ഞു. ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസ്സി കഴിഞ്ഞ മാസം അറിയിച്ചിരുന്നു.